മണല്‍മാഫിയ ബന്ധം, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നീക്കം ചോര്‍ത്തല്‍;7 പോലീസുകാരെ സര്‍വീസില്‍നിന്ന് നീക്കി

പ്രതീകാത്മക ചിത്രം | Mathrubhumi archives
പ്രതീകാത്മക ചിത്രം | Mathrubhumi archives

കണ്ണൂര്‍: മണല്‍ മാഫിയാ സംഘങ്ങള്‍ക്ക് സഹായകമായ രീതിയില്‍ പ്രവര്‍ത്തിച്ച ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് നീക്കംചെയ്തു. രണ്ട് ഗ്രേഡ് എ.എസ്.ഐ.മാരെയും അഞ്ച് സിവില്‍ പോലീസ് ഓഫീസര്‍മാരെയുമാണ് സര്‍വീസില്‍നിന്ന് നീക്കിയത്. കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യയുടേതാണ് ഉത്തരവ്. നിലവില്‍ കണ്ണൂര്‍ റെയ്ഞ്ചില്‍ ജോലി ചെയ്യുന്നവരാണ് നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥര്‍.

ഗ്രേഡ് എ.എസ്.ഐ.മാരായ ജോയ് തോമസ് പി. (കോഴിക്കോട് റൂറല്‍), ഗോകുലന്‍ സി. (കണ്ണൂര്‍ റൂറല്‍), സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഷാര്‍ പി.എ. (കണ്ണൂര്‍ സിറ്റി), ഷിബിന്‍ എം.വൈ. (കോഴിക്കോട് റൂറല്‍), അബ്ദുല്‍ റഷീദ് ടി.എം. (കാസര്‍കോട്), ഷെജീര്‍ വി.എ. (കണ്ണൂര്‍ റൂറല്‍), ഹരികൃഷ്ണന്‍ ബി. (കാസര്‍കോട്) എന്നിവരെയാണ് സര്‍വീസില്‍നിന്ന് നീക്കംചെയ്തത്.

മണല്‍ മാഫിയാ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോര്‍ത്തി നല്‍കിയതിനുമാണ് നടപടി. ഈ പ്രവൃത്തിവഴി ഗുരുതരമായ അച്ചടക്കലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പോലീസിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തല്‍ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 

Content Highlights: sand mafia connection, 7 police were removed from service