2025-ലെ സ്വർണംപൂശൽ; സ്മാർട്ട് ക്രിയേഷൻസ് ശരിയല്ലെന്ന് രണ്ടുതവണ കത്തയച്ച ഉദ്യോഗസ്ഥന് അറസ്റ്റ് സാധ്യത

ശബരിമല സന്നിധാനം | Photo: PTI
ശബരിമല സന്നിധാനം | Photo: PTI

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങൾ 2025-ൽ സ്വർണംപൂശാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോകരുതെന്ന് രണ്ടുതവണ കത്തയച്ച ഉദ്യോഗസ്ഥനും അറസ്റ്റ് സാധ്യത. മുകളിൽനിന്നുള്ള സമ്മർദംകാരണം പിന്നീട് അദ്ദേഹത്തിന് കത്ത് മാറ്റി അയക്കേണ്ടിവന്നിരുന്നു.

അന്ന് തിരുവാഭരണം കമ്മിഷണറായിരുന്ന റജിലാലിനാണ് അറസ്റ്റിലായ മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ സമ്മർദത്താൽ എടുത്ത നടപടി കാരണം പ്രതിയാവേണ്ടിവരുന്നത്.

കഴിഞ്ഞദിവസം അറസ്റ്റിലായ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻഅംഗം എ. അജികുമാർ എന്നിവരെ കൊല്ലം കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

2025 ജൂലായ് 30-നാണ് റജിലാൽ ആദ്യ കത്ത് ദേവസ്വംസെക്രട്ടറിക്ക് നൽകിയത്. ദ്വാരപാലക ശില്പപാളികളിൽ പൂശിയിട്ടുള്ള സ്വർണം വേർതിരിച്ചെടുത്ത് അതേസ്വർണംകൊണ്ട് വീണ്ടും പൂശാനുള്ള സാങ്കേതികവിദ്യ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് ഇല്ലെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.

ഇക്കാരണത്താൽ പരമ്പരാഗതരീതി സ്വീകരിക്കാൻ ശുപാർശചെയ്തു. ഓഗസ്റ്റ് എട്ടിന് ഇതേ വിവരങ്ങൾ കാണിച്ച് റജിലാൽ രണ്ടാമതും ദേവസ്വംസെക്രട്ടറിക്ക് കത്തുനൽകി. ആദ്യത്തേത് പരിഗണിക്കാതിരുന്നപ്പോഴാണ് രണ്ടാമത്തെ കത്തയച്ചത്. ഇതേത്തുടർന്നാണ് പ്രശാന്തിന്റെ ഇടപെടൽ ഉണ്ടായത്.

സ്വർണം പൂശുന്നത് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽത്തന്നെ വേണമെന്നതരത്തിലുള്ള റിപ്പോർട്ട് അയക്കാനാണ് പ്രശാന്ത്, റജിലാലിനോട് വാക്കാൽ ആവശ്യപ്പെട്ടത്. ഇതേത്തുടന്നായിരുന്നു നേരത്തേ പറഞ്ഞകാര്യങ്ങൾ മാറ്റിയുള്ള റിപ്പോർട്ട് ഓഗസ്റ്റ് 25-ന് സെക്രട്ടറിക്ക് നൽകിയത്.

സെപ്റ്റംബർ രണ്ടിന് ചേർന്ന ദേവസ്വംബോർഡ് യോഗത്തിൽ പാളികൾ ചെന്നൈയിൽ കൊണ്ടുപോകാനുള്ള തീരുമാനമെടുത്തു. ഉണ്ണിക്കൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവരെ സഹായിക്കാനായിരുന്നു പ്രശാന്തും അജികുമാറും ഇത്തരമൊരു തീരുമാനമെടുത്തതെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്. ബോർഡിന്റെ ആദ്യഘട്ട തീരുമാനങ്ങളിൽ ഒപ്പിട്ട മറ്റൊരംഗം ജി. സുന്ദേരേശനും അറസ്റ്റ് സാധ്യതയിലാണ്.

Content Highlights: Investigation reveals pressure on officials to favor Smart Creations. The official warned against sending temple artifacts to Chennai in 2025. Former Devaswom President P.S. Prashanth and A. Ajikumar are currently remanded. New evidence suggests technical incompetence of the chosen firm.