ബൈക്ക് കാറില്‍ ഉരസി; 21-കാരനെ പിന്തുടര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തി, സംഭവം ബെംഗളൂരുവില്‍

പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

ബെംഗളൂരു: ബൈക്ക് കാറില്‍ ഉരസിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ ബൈക്കില്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തി യുവാക്കളുടെ ക്രൂരത. ബെംഗളൂരുവിലെ വിദ്യാരണ്യപുരയില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വിദ്യാരണ്യപുരയിലെ നഞ്ചപ്പ സര്‍ക്കിളില്‍ താമസിക്കുന്ന മഹേഷ് (21) ആണ് നടുറോഡില്‍ ദാരുണമായി കൊല്ലപ്പെട്ടത്. 

ബാലാജി, ലികിത് എന്നീ സുഹൃത്തുക്കളെ വീട്ടിലിറക്കിയ ശേഷം ബൈക്കില്‍ ഒറ്റയ്ക്ക് മടങ്ങുകയായിരുന്നു മഹേഷ്. ഇതിനിടെ റോഡിലുണ്ടായിരുന്ന കാറില്‍ ബൈക്ക് ഉരസി. തുടര്‍ന്ന് കാര്‍ മഹേഷിന്റെ ബൈക്കിനെ പിന്തുടര്‍ന്നു. 

സ്വകാര്യ ബാങ്ക് ജീവനക്കാരനായ അരവിന്ദ്, ഇയാളുടെ സുഹൃത്ത് ചന്നകേശവ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. പിന്തുടര്‍ന്ന ഇവര്‍ ഒടുവില്‍ ബൈക്കിന് പിന്നില്‍ കാറിടിപ്പിച്ചു. വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് വീണ മഹേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഹെല്‍മെറ്റ് ധരിക്കാതിരുന്നതിനാല്‍ മഹേഷിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. 

Content Highlights: Road rage ends in murder of youth in Bengaluru