ആധാരത്തിന്റെ പകര്‍പ്പിന് 10000 രൂപ കൈക്കൂലി; റജിസ്ട്രാര്‍ ഓഫീസ് അസിസ്റ്റന്‍ഡ് പിടിയില്‍

കോഴിക്കോട്: 1999-ല്‍ രജിസ്റ്റര്‍ ചെയ്ത ആധാരത്തിന്റെ പകര്‍പ്പ് നല്‍കാന്‍ 10000 രൂപ കൈക്കൂലി വാങ്ങിയ റജി.ഓഫീസ് അസിസ്റ്റന്‍ഡ് വിജിലന്‍സിന്റെ പിടിയില്‍. കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസ് അസിസ്റ്റന്‍ഡ് കൂടരഞ്ഞി സ്വദേശിയായ ഷറഫുദ്ദീനാണ് പിടിയിലായത്.
കണ്ണൂര്‍ ജില്ലയിലെ ശിവപുരം സ്വദേശിയായ ഹാരിസില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ആധാരത്തിന്റെ പകര്‍പ്പിനായി കോഴിക്കോട് മാനാഞ്ചിറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഈ മാസം 17 -ാം തീയതി ഇയാള്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പകര്‍പ്പ് ചൊവ്വാഴ്ച നല്‍കാമെന്നും വേഗത്തില്‍ തിരഞ്ഞെടുത്ത് കൊടുത്തതിന് പതിനായിരം രൂപ നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
കൈക്കൂലി ആവശ്യപ്പെട്ട വിവരം ഹാരിസ് വിജിലന്‍സ് ഉത്തരമേഖലാ എസ്.പിയെ അറിയിക്കുകയായിരുന്നു. എസ്.പിയുടെ നേതൃത്വത്തില്‍ വൈകുന്നേരം നാല് മണിയോടെ കൈക്കൂലി തുകയായ പതിനായിരം രൂപ ഹാരിസില്‍ നിന്നും കൈപറ്റുന്നതിനിടെയാണ് അറസ്റ്റ് നടന്നത്.
വിജിലന്‍സ് സംഘത്തില്‍ എസ്.പി സജീവന്‍, ഡി.എസ്.പി ഷാജി വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, ശിവപ്രസാദ്, എസ്.ഐമാരായ സുനില്‍, പ്രദീപന്‍, ജയരാജന്‍ പോലീസ് ഉദ്യോഗസ്ഥരായ അര്‍ഷാദ്, ഷൈജുകുമാര്‍, ഷാബു എന്നിവരാണുണ്ടായിരുന്നത്.
Content Highlights: Register office assistand arrested By vigilance