നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് കേസ്; ഹൈക്കോടതിയിലെ ഗവ. പ്ലീഡറെ പുറത്താക്കി

#സ്വന്തം ലേഖിക
പി.ജി.മനു
പി.ജി.മനു

കൊച്ചി: നിയമസഹായം തേടിയെത്തിയ ഇരുപത്തിയാറുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ഹൈക്കോടതിയിലെ സീനിയര്‍ ഗവ. പ്ലീഡര്‍ പി.ജി.മനുവിനെ പുറത്താക്കി. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി. ഇയാളില്‍ നിന്ന് അഡ്വക്കേറ്റ് ജനറല്‍ രാജി എഴുതി വാങ്ങുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂട്ടറായും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് പി ജി മനു. 

ഒക്ടോബര്‍ ഒന്‍പതാം തീയതിയാണ് യുവതിക്ക് നേരേ ആദ്യം അതിക്രമമമുണ്ടായത്.  കേസിന്റെ വിവരശേഖരണത്തിനും വക്കാലത്ത് ഒപ്പിടീപ്പിക്കുന്നതിനുമായി കടവന്ത്രയിലുള്ള ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും അവിടെയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്നുമാണ് പരാതി. കൂടാതെ യുവതിയുടെ വീട്ടില്‍ കടന്നുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ചുവെന്നും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. 

യുവതിയുടെ പരാതിയെ തുടര്‍ന്ന് ചോറ്റാനിക്കര പോലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പരാതിക്കാരിയുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തി. യുവതിയുടെ വൈദ്യപരിശോധനയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ശേഖരണത്തിലാണ് പോലീസ്. ചോറ്റാനിക്കര സി ഐക്കാണ് കേസിന്റെ അന്വേഷണ ചുമതല. 2018-ലെ ഒരു കേസില്‍ നിയമസഹായത്തിനായാണ് യുവതി ഹൈക്കോടതിയിലെ സീനിയര്‍ പ്ലീഡറായ പി ജി മനുവിനെ സമീപിച്ചത്.

Content Highlights: rape case kerala highcourt senior gov pleader pg manu dismissed