'ഞാന്‍ രക്ഷിക്കും, നീയൊന്ന് മനസ്സുവെച്ചാല്‍ മതി'; പ്ലീഡര്‍ക്കെതിരായ പീഡനപരാതിയില്‍ ഗുരുതര ആരോപണങ്ങൾ

പി.ജി.മനു
പി.ജി.മനു

കൊച്ചി: ഹൈക്കോടതിയിലെ സീനിയര്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിനെതിരായ പീഡനപരാതിയില്‍ ഗുരുതര ആരോപണങ്ങള്‍. നിയമസഹായം തേടിയെത്തിയ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് 26-കാരി നല്‍കിയ പരാതിയിലാണ് ഗവ. പ്ലീഡറില്‍നിന്ന് നേരിട്ട അതിക്രമങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. 

അഞ്ചുവര്‍ഷമായുള്ള കേസ് നല്ലരീതിയില്‍ അവസാനിക്കണമെങ്കില്‍ തന്നോട് സഹകരിക്കണമെന്ന് മനു ഭീഷണിപ്പെടുത്തിയായും വീട്ടില്‍കയറി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. യുവതിയുടെ പരാതിയില്‍ പി.ജി. മനുവിനെതിരേ ചോറ്റാനിക്കര പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനുപിന്നാലെ ഗവ. പ്ലീഡര്‍ പദവിയില്‍നിന്ന് മനുവിനെ പുറത്താക്കുകയും ചെയ്തു. അഡ്വക്കേറ്റ് ജനറലാണ് മനുവില്‍നിന്ന് രാജി എഴുതിവാങ്ങിയത്. 

ഒരുകേസിന്റെ കാര്യങ്ങള്‍ക്കായി മനുവിനെ സമീപിച്ചപ്പോളാണ് പീഡനം നേരിട്ടതെന്നാണ് യുവതിയുടെ ആരോപണം. യുവതിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 

മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി ഇയാളുടെ ഓഫീസിലെത്തിയത്. തുടര്‍ന്ന് മാതാപിതാക്കളെ ചിലകാര്യങ്ങള്‍ പറഞ്ഞ് തന്ത്രപൂര്‍വം ഓഫീസില്‍നിന്ന് പുറത്തേക്ക് പറഞ്ഞുവിട്ടു. ഇവര്‍ പോയതോടെ മുറിയുടെ വാതിലടച്ച് യുവതിയുടെ തൊട്ടടുത്തിരുന്നു. അഞ്ചുവര്‍ഷമായി നരകിക്കുന്ന ഈ കേസ് തീരണമെങ്കില്‍ താന്‍ ആവശ്യപ്പെടുന്ന രീതിയിലെല്ലാം സഹകരിക്കണമെന്നാണ്' ഇയാള്‍ പറഞ്ഞത്.  ''സഹകരിച്ചാല്‍ മാത്രമേ കേസ് നല്ല രീതിയില്‍ തീരുകയുള്ളൂ. നീ വിചാരിക്കുന്നതുപോലയല്ല, ഈ കേസില്‍ നീ പ്രതി സ്ഥാനത്ത് എത്താന്‍ സാധ്യതയുണ്ട്. പക്ഷേ, ഞാന്‍ നിന്നെ രക്ഷിക്കും, ഊരിയെടുക്കാം. നീയൊന്ന് മനസുവെച്ചാല്‍ മാത്രം മതി'', എന്നായിരുന്നു പ്ലീഡര്‍ പറഞ്ഞതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇതോടെ യുവതി കരഞ്ഞു. എന്നാല്‍, കരയുന്ന യുവതിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന ഇയാള്‍ കടന്നുപിടിച്ചെന്നും പരാതിയില്‍ പറയുന്നു. 

കടന്നുപിടിച്ചതിന് പിന്നാലെ ഇയാളെ തട്ടിമാറ്റിയപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ''വക്കാലത്ത് ഒപ്പിട്ടത് ഓര്‍മയുണ്ടല്ലോ, നിനക്ക് രക്ഷപ്പെടേണ്ടേ, പെണ്ണേ നിന്നെ ഞാന്‍ ഊരി തരാം, നീ വിഷമിക്കല്ലേ'' എന്നാണ് ഇയാള്‍ പറഞ്ഞത്. ഇതിനുപിന്നാലെ ഓഫീസിലെ മറ്റൊരു മുറിയിലുണ്ടായിരുന്ന മാതാപിതാക്കളുടെ അടുത്തെത്തി. യുവതിക്ക് കൗണ്‍സിലിങ് നല്‍കണമെന്ന് പറഞ്ഞ് മൊബൈല്‍ നമ്പറും വാങ്ങി. ഒക്ടോബര്‍ 11-ന് വരണമെന്നും നിര്‍ദേശിച്ചു. 

ഒക്ടോബര്‍ 11-ന് പിതാവിനൊപ്പമാണ് യുവതി ഓഫീസിലെത്തിയത്. എന്തെങ്കിലും കഴിച്ചിട്ടുവരൂ എന്നുപറഞ്ഞ് പിതാവിനെ ഇയാള്‍ ഓഫീസില്‍നിന്ന് പറഞ്ഞുവിട്ടു. പിന്നാലെ വാതിലടച്ച് യുവതിക്കരികിലെത്തി. 'ഏതാ പെര്‍ഫ്യൂം' എന്ന് ചോദിച്ചാണ് ഇയാള്‍ അതിക്രമം കാട്ടിയത്. പിന്നാലെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 'കേസ് തീരണ്ടേ' എന്നുപറഞ്ഞ് വീണ്ടും അതിക്രമത്തിന് മുതിര്‍ന്നപ്പോള്‍ അലറിക്കരഞ്ഞെന്നും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ താന്‍ മരവിച്ച് പോയെന്നും യുവതിയുടെ പരാതിയിലുണ്ട്. ഇതിനുശേഷമാണ് ആളില്ലാത്ത സമയം മനസിലാക്കി വീട്ടിലെത്തിയ പ്രതി പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. 


 

Content Highlights: rape case against senior govt pleader of highcourt