രണ്ട് മൃതദേഹങ്ങൾകൂടി കണ്ടെടുത്തു; പ്രതിക്ക് വിനയായത് അതിബുദ്ധി, അയച്ച സന്ദേശം കുരുക്കിലാക്കി

ബെംഗളൂരു/സേലം: ബെംഗളൂരുവിലെ രാജാജിനഗറിൽ യുവാവ് കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. പ്രതി ഇന്ദുശേഖരന്റെ ഭാര്യ സുനിത, സുനിതയുടെ മാതാവ് രൂപാവതി എന്നിവരുടെ മൃതദേഹങ്ങളാണ് സേലത്തിന് സമീപമുള്ള യേർക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽനിന്ന് കണ്ടെത്തിയത്. നേരത്തെ ഇന്ദുശേഖരന്റെ ഭാര്യയുടെ സഹോദരന്റെ ഏഴു വയസ്സുള്ള മകന്റെ മൃതദേഹഭാഗങ്ങൾ നന്ദി ഹിൽസിൽ നിന്ന് കണ്ടെത്തിയിരുന്നു.
ഇനി നാലുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്. ദീർഘകാലമായി നിലനിന്നിരുന്ന കുടുംബപ്രശ്നങ്ങളും ഭാര്യവീട്ടുകാരോടുള്ള ഇന്ദുശേഖറിന്റെ അമർഷവുമാണ് ഭാര്യയുടെ ബന്ധുക്കളെ ലക്ഷ്യമിടാൻ അയാളെ പ്രേരിപ്പിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ടാക്സി ഡ്രൈവറും പ്രാദേശിക സായാഹ്ന പത്രത്തിന്റെ നടത്തിപ്പുകാരനുമായിരുന്നു ഇന്ദുശേഖർ. ഈ സ്വാധീനമുപയോഗിച്ചാണ് ഇയാൾ മൃതദേഹഭാഗങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചത് എന്നാണ് വിവരം.
കഴിഞ്ഞ മാസം 14-നും 31-നും ഇടയിലുള്ള ദിവസങ്ങളിലാണ് കൊലപാതക പരമ്പര നടന്നിരിക്കുന്നത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇന്ദുശേഖറിന്റെ ഭാര്യ സുനിത, സുനിതയുടെ മാതാവ് രൂപാവതി, സുനിതയുടെ മൂത്ത സഹേദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാർ, ശിവകുമാറിന്റെ മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഏഴുവയസുകാരനായ പുനീതിന്റെ മൃതദേഹമാണ് പോലീസ് ആദ്യം കണ്ടെടുത്തത്.
ശിവകുമാറിന്റെയും ശങ്കറിന്റെയും അവരുടെ ഭാര്യമാരുടേയും മൃതദേഹങ്ങളാണ് ഇനി കണ്ടെത്താനുള്ളത്. അവരുടെ രണ്ടുപേരുടെയും പേര് ദിവ്യ എന്നാണ്. രാജാജിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീരാംപുര ബാഷ്യം സർക്കിളിന് സമീപത്തുള്ള 59-ാം ക്രോസിലെ ഇന്ദുശേഖറിന്റെ വീട്ടിലാണ് കൊലപാതകങ്ങൾ നടന്നത്. ഗ്രൈൻഡറിന്റെ കല്ലിന്റെ ഭാഗം കൊണ്ട് തലയ്ക്കടിച്ചാണ് സുനിതയെയും രൂപവതിയെയും ഇന്ദുശേഖരൻ കൊലപ്പെടുത്തിയത്.
മറ്റുള്ളവരേയും ഇതേ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലനടത്തിയത് എന്നാണ് നിഗമനം. കൊലപാതകത്തിനുശേഷം വീട് രാസവസ്തുക്കൾ ഉപയോഗിച്ച് കഴുകി തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എന്നാൽ, മൃതദേഹങ്ങൾ മറവുചെയ്യുന്നതിനായി കൊണ്ടുപോകാൻ ഉപയോഗിച്ച പ്രതിയുടെ കാറിനുള്ളിൽ നിന്ന് പോലീസ് രക്തക്കറകൾ കണ്ടെത്തുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
മൃതദേഹങ്ങൾ ചിക്കബെല്ലാപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചെന്നാണ് പ്രതി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. മറ്റ് മൃതദേഹഭാഗങ്ങൾ കണ്ടെത്താനായുള്ള ശ്രമം പുരോഗമിക്കുകയാണ്. കേസിൽ മൂന്ന് പ്രത്യേക സംഘങ്ങളാണ് പോലീസ് നിലവിൽ അന്വേഷണം നടത്തുന്നത്. കുടുംബാംഗങ്ങൾ പലയിടത്തേക്ക് വിനോദയാത്ര പോയിരിക്കുകയാണെന്ന് വരുത്തിതീർക്കാൻ കൊല്ലപ്പെട്ടവരുടെ ഫോണുകളിൽ നിന്ന് ഇന്ദുശേഖർ കന്നടയിൽ സന്ദേശങ്ങൾ അയച്ചിരുന്നു.
ഈ അതിബുദ്ധിയാണ് അയാൾക്ക് തിരിച്ചടിയായത്. കൊല്ലപ്പെട്ട ചിലർക്ക് കന്നട എഴുതാൻ അറിയില്ലായിരുന്നു എന്നത് ബന്ധുക്കളിൽ സംശയം ഉളവാക്കി. തുടർന്നാണ് ഭാര്യയുടെ സഹോദരന്റെ കുടുംബം നൽകിയ മിസ്സിങ് കേസ് പരാതിയിൽ പോലീസ് ഇന്ദുശേഖറിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയത്. പിന്നാലെയാണ്, വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത ഈ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്.
Content Highlights: A man named Indushekhar in Bengaluru's Rajajinagar killed seven family members due to longstanding family issues and resentment towards his in-laws, according to police findings. Indushekhar used his influence as a taxi driver and local newspaper operator to dispose of the bodies in various locations, with two more bodies recently found near Yercaud, Salem. The police investigation intensified after suspicious messages in Kannada were sent from the victims' phones, leading to the discovery of the murders and the arrest of Indushekhar.