‘നീ ചെയ്യുന്നത് ഞാൻ താങ്ങും, പക്ഷേ നീ താങ്ങില്ല’; രാഹുൽ അതിജീവിതയ്ക്കയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്

തിരുവനന്തപുരം: അതിജീവിതയായ യുവതിക്ക് രാഹുൽ മാങ്കൂട്ടത്തിൽ അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്. തനിക്കെതിരായ മൂന്നാം ബലാത്സംഗക്കേസിലെ അതിജീവിതയുമായി രാഹുൽ നടത്തിയ ടെലഗ്രാം ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുവതിയേയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന തരത്തിൽ വധഭീഷണിവരെയുള്ള സന്ദേശങ്ങൾ ചാറ്റിലുണ്ട്.
തനിക്കെതിരേ നിന്നവർക്കും കുടുംബത്തിനുമെതിരേ അതേ നാണയത്തിൽ തിരിച്ച് കൊടുക്കും, പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട. ഞാൻ എല്ലാത്തിന്റെയും എക്‌സ്ട്രീം കഴിഞ്ഞ് നിൽക്കുകയാണ്. നീ ചെയ്യുന്നത് ഞാൻ താങ്ങും, പക്ഷേ നീ താങ്ങില്ല എന്നും നാട്ടിൽ വന്നാൽ കുറേയാളുകളുമായി നിന്റെ വീട്ടിൽ വരുമെന്നും രാഹുൽ അതിജീവിതയെ ഭീഷണിപ്പെടുത്തുന്നുണ്ട്.
നിലവിൽ രാഹുലിന്റെ അറസ്റ്റിലേക്ക് നയിച്ച പരാതി ബന്ധപ്പെട്ട അധികാരികൾക്ക് നൽകുംമുമ്പ് അതിജീവിത രാഹുൽ മാങ്കൂട്ടത്തിലുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവന്ന ചാറ്റിൽനിന്ന് മനസിലാക്കാൻ സാധിക്കുന്നത്. പരാതി നൽകാൻ പോകുകയാണെന്ന് പറയുമ്പോഴാണ് രാഹുൽ ഭീഷണി സന്ദേശങ്ങൾ അയച്ചത്.
‘നീ ചെയ്യാനുള്ളത് ചെയ്യ്, ബാക്കി ഞാൻ ചെയ്‌തോളാം. എന്ത് പറഞ്ഞാലും നഷ്ടപ്പെടാൻ ഒന്നുമില്ല. നീ കേസുകൊടുക്ക്. ഈ കേസ് കോടതിയിൽ വരുമ്പോഴുള്ള അവസ്ഥ അറിയാമല്ലോ. അതിൽ പ്രത്യേകിച്ച് ഒന്നും ഇല്ല’, സന്ദേശത്തിൽ പറയുന്നു. ഇത്തരത്തിൽ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന സന്ദേശങ്ങൾ രാഹുൽ അതിജീവിതയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം, തനിക്കെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നും പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നുമാണ് രാഹുൽ കഴിഞ്ഞദിവസം നൽകിയ ജാമ്യഹർജിയിൽ പറയുന്നത്. രാഹുലിന്റെ അഭിഭാഷകനും മാധ്യമങ്ങളോട് പറഞ്ഞത് ഇക്കാര്യങ്ങൾ തന്നെയാണ്. പരാതിക്കാരി പ്രായപൂർത്തിയായ വ്യക്തിയാണെന്നും ഒരു പുരുഷനെ കാണാനായി റൂം ബുക്ക് ചെയ്ത് എത്തുമ്പോൾ അതിന്റെ വരുംവരായ്കകളെക്കുറിച്ച് കൃത്യമായി തിരിച്ചറിയാൻ ശേഷിയുള്ള ആളാണെന്നും ജാമ്യഹർജിയിൽ പറയുന്നു.
Content Highlights: Shocking Telegram messages from Rahul Mamkootathil to a rape survivor reveal threats of harm to her and her family. Details inside.