എസ്.ഐ ലിസ്റ്റിലുള്ളപ്പോൾ ആദ്യ കേസ്, 7 വർഷം മുംബൈയിൽ; സജികുമാർ 2 കൊലപാതകമടക്കം 50 കേസുകളിൽ പ്രതി

അറസ്റ്റിലായ അമ്പിളി, പ്രതി ബാഗുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യം | Screengrab: Mathrubhumi News
അറസ്റ്റിലായ അമ്പിളി, പ്രതി ബാഗുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യം | Screengrab: Mathrubhumi News

മലയിൻകീഴ് (തിരുവനന്തപുരം): രണ്ടു കൊലപാതകമുൾപ്പെടെ അൻപതോളം കേസുകളിലെ പ്രതിയാണ് ക്വാറി വ്യവസായി ദീപുവിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലായ സജികുമാറെന്ന ചൂഴാറ്റുകോട്ട അമ്പിളി(55). ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും കൊലപാതകങ്ങളും നഗരത്തെ നടുക്കിയിരുന്ന സമയത്ത് ഒരു സംഘത്തിന്റെ നേതാവായിരുന്നു അമ്പിളി. എന്തും ചെയ്യുന്ന ഒരു സംഘവും ഇയാളോടൊപ്പമുണ്ടായിരുന്നു.

എം.ജി. കോളേജിൽനിന്ന്‌ ബിരുദപഠനം കഴിഞ്ഞ് എസ്.ഐ. ലിസ്റ്റിലുള്ളപ്പോഴാണ് ആദ്യം കേസിൽ പ്രതിയാകുന്നത്. ചാലക്കമ്പോളത്തിൽ നടന്ന അക്രമസംഭവങ്ങളിലും പിന്നീട് പ്രതിയായി. തുടർന്ന് ഏഴുവർഷത്തോളം ഇയാൾ മുംബൈയിലായിരുന്നു. തിരിച്ച് നാട്ടിലെത്തി ജോലിയില്ലാതെ കഴിയുമ്പോഴാണ് സ്പിരിറ്റ് കടത്തും ചാരായനിർമാണവും തൊഴിലാക്കുന്നത്. മൂക്കുന്നിമല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.

ചാരായത്തിന്റെ മൊത്ത, ചില്ലറ വിൽപ്പനയ്ക്കായി ഗുണ്ടാസംഘത്തെയും വളർത്തിയെടുത്തു. ഈ സംഘത്തിലുണ്ടായിരുന്ന മൊട്ട അനി അമ്പിളിയുമായി തെറ്റി. ഇയാൾ ഒറ്റിയതോടെ ചാരായ വിൽപ്പനയിൽ വലിയ സാമ്പത്തികനഷ്ടമുണ്ടായി. ഇതിനു പ്രതികാരമായി മൊട്ട അനിയെ 2006-ൽ കരമന തളിയലിൽവെച്ച് വെട്ടിക്കൊലപ്പെടുത്തി. ഈ കേസിൽ അമ്പിളി ഒന്നാം പ്രതിയാണ്.

കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന സോജുവിന്റെ സഹോദരീഭർത്താവാണ് മൊട്ട അനി. അനിയെ വകവരുത്തുന്നതിന് അമ്പിളിക്ക് ഒപ്പംനിന്നത് ജയിലിൽ വെച്ച് പരിചയപ്പെട്ട പാറശ്ശാല ബിനുവായിരുന്നു. പാറശ്ശാല ബിനുവിനെ സോജുവിന്റെ സംഘത്തിലുൾപ്പെട്ട തങ്കുട്ടൻ ചൂഴാറ്റുകോട്ടയിലെ വെള്ളൈക്കോണത്തുെവച്ച് വെട്ടിക്കൊലപ്പെടുത്തി. ഇതിന്റെ പ്രതികാരമായി തങ്കുട്ടനെ ചൂഴാറ്റുകോട്ട ജങ്ഷനടുത്തുെവച്ച് ബിനുവിന്റെ അനുജൻ മുരുകന്റെ സംഘം വെട്ടിക്കൊന്നു. ഈ കൊലപാതകത്തിനു വേണ്ട സഹായം ഒരുക്കിയത് അമ്പിളിയാണ്. ഈ കേസിലും ഇയാൾ പ്രതിയാണ്.

2001-ൽ കവർച്ച നടത്തിയതിന് നേമം സ്റ്റേഷനിൽ കേസുണ്ട്. സ്പിരിറ്റ് കടത്തിയതിന് തിരുവനന്തപുരത്ത് നിരവധി കേസുകളുണ്ട്. ഇതിനു പുറമേ തമിഴ്നാട്ടിലും അഞ്ച് കേസുണ്ട്. മൂക്കുന്നിമലയിലെ ക്വാറികൾ സജീവമായിരുന്നപ്പോൾ ചാരായ വിൽപ്പന നിർത്തി അവിടെനിന്നു മാസപ്പിരിവ് നടത്തിയായിരുന്നു കഴിഞ്ഞിരുന്നത്.

അടുത്തകാലത്ത് അസുഖബാധിതനായതോടെ അക്രമങ്ങളിൽനിന്നു മാറിനിൽക്കുന്ന അമ്പിളിയെയാണ് നാട്ടുകാർ കണ്ടിരുന്നത്. എന്നാൽ, അനാരോഗ്യം കാരണം ഏറെ ബുദ്ധിമുട്ടുന്ന അമ്പിളി വീണ്ടും ഒരു കൊലപാതകത്തിന് ഇറങ്ങിയെന്നത് നാട്ടുകാരെയും ഞെട്ടിച്ചു. കൊല്ലപ്പെട്ട ദീപുവുമായി അമ്പിളിക്ക്‌ സൗഹൃദമുണ്ടായിരുന്നതായി പറയുന്നു. മൂക്കുന്നിമലയിലെ ക്രഷറിലും ദീപുവിന്റെ മലയിൻകീഴിലെ വീട്ടിലും ഇയാൾ സന്ദർശകനായിരുന്നതായി പ്രദേശവാസികൾ പറയുന്നു.

Content Highlights: Quarry owner murder Accused in 50 cases including 2 murders