അസ്ഥികൾ സൂക്ഷിച്ചത് ബന്ധം തകരുമ്പോൾ ഭീഷണിപ്പെടുത്താൻ, അനീഷയുടെ ഫോൺ 'ബിസി'യായത് പ്രകോപനമായി

അനീഷയെയും ഭവിനെയും ചോദ്യം ചെയ്യലിനായി കൊണ്ടുവന്നപ്പോള്‍.|Photo: print edition
അനീഷയെയും ഭവിനെയും ചോദ്യം ചെയ്യലിനായി കൊണ്ടുവന്നപ്പോള്‍.|Photo: print edition

പുതുക്കാട്: നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം പുറത്തെത്താൻ കാരണമായത് അവിവാഹിതരായ യുവതീ യുവാക്കൾ തമ്മിലുള്ള ബന്ധം തകർന്നത്.  2020-ല്‍ ഫെയ്സ്ബുക്ക് വഴിയാണ് ഭവിന്‍ അനീഷയുമായി പരിചയത്തിലാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെ ശൗചാലയത്തില്‍ 2021 നവംബര്‍ ആറിനാണ് ആദ്യത്തെ പ്രസവം നടന്നത്. ആണ്‍കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയതിനെത്തുടര്‍ന്ന് മരിച്ചിരുന്നതായാണ് അനീഷ ആദ്യം പോലീസിനോട് പറഞ്ഞത്. താന്‍തന്നെ വീട്ടുപറമ്പില്‍ രഹസ്യമായി മൃതദേഹം കുഴിച്ചിട്ടെന്നും അനീഷ പറഞ്ഞു.

എട്ടുമാസത്തിനുശേഷം കുഞ്ഞിന്റെ അസ്ഥി, കര്‍മങ്ങള്‍ ചെയ്ത് കടലില്‍ നിമജ്ജനം ചെയ്യാമെന്ന് പറഞ്ഞ് ഭവിന്‍ വാങ്ങി. എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാല്‍ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്ന് ഭവിന്‍ കരുതിയിരുന്നതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.

2024 ഏപ്രില്‍ 29-ന് അനീഷയുടെ വീട്ടില്‍വച്ചുതന്നെയാണ് രണ്ടാമത്തെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആ കുട്ടിയും മരിച്ചെന്ന് അനീഷ യുവാവിനെ അറിയിച്ചു. കുട്ടിയുടെ മൃതദേഹം സ്‌കൂട്ടറില്‍ ഭവിന്റെ ആമ്പല്ലൂരിലെ വീട്ടില്‍ എത്തിച്ചു. മൃതദേഹം ഭവിന്റെ വീടിന് സമീപത്ത് കുഴിച്ചിട്ടു. ജനിച്ചയുടന്‍ കുട്ടി കരഞ്ഞതു പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖം പൊത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്ന് അനീഷ പോലീസിനോട് സമ്മതിച്ചു.

ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്ന അനീഷ കുറച്ചുകാലമായി ഭവിനുമായി അകല്‍ച്ചയിലായിരുന്നു. പെണ്‍കുട്ടി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നെന്ന സംശയത്തില്‍ ഭവിന്‍ ഫോണിലൂടെയും നേരിട്ടും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ തിരക്കിലായതാണ് ഭവിനെ പ്രകോപിപ്പിച്ചത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിന്‍ വീട്ടില്‍ സൂക്ഷിച്ച അസ്ഥി ബാഗിലാക്കി പുതുക്കാട് സ്റ്റേഷനിലെത്തി.

തൃശ്ശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍, ചാലക്കുടി ഡിവൈഎസ്പി ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും ചോദ്യംചെയ്തത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടി. തുടര്‍ന്ന് അസ്ഥികള്‍ രണ്ടു കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു. മരിച്ച കുഞ്ഞുങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുവരും സമ്മതിക്കുന്നുണ്ടെങ്കിലും അസ്ഥിയുടെ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് എസ്പി പറഞ്ഞു.

സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ ബന്ധത്തെക്കുറിച്ചും അനീഷയുടെ രണ്ട് പ്രസവങ്ങളെക്കുറിച്ചും വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. ഡിവൈഎസ്പി ബിജുകുമാര്‍, സിഐ മഹേന്ദ്രസിംഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.

മരണങ്ങളില്‍ ഭവിന്‍ സംശയിച്ചു

രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തിനുശേഷമാണ് ഭവിനും അനീഷയും തെറ്റിയത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് രണ്ടുപേരും അറിഞ്ഞിരുന്നെങ്കിലും മരണത്തില്‍ ഭവിന് അനീഷയെ സംശയമുണ്ടായിരുന്നു. ബന്ധം തുടരാന്‍ അനീഷയ്ക്ക് താത്പര്യമില്ലെന്നും അതിനായാണു കുഞ്ഞിനെ കൊന്നതെന്നും ഇയാള്‍ വിശ്വസിച്ചു.

യുവതി മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന സംശയം പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി. രണ്ടാമതൊരു ഫോണ്‍ ഉപയോഗിക്കുന്നത് ഇയാള്‍ വിലക്കി. യുവതി മറ്റൊരു ഫോണ്‍ ഉപയോഗിച്ചിരുന്ന കാര്യം ജനുവരിയിലാണ് ഭവിന്‍ മനസ്സിലാക്കിയത്.

ശല്യമായപ്പോള്‍ മനഃപൂര്‍വം അകലുകയായിരുന്നെന്ന് അനീഷ പോലീസിനോട് പറഞ്ഞു. ബന്ധത്തില്‍നിന്നു യുവതി ഒഴിഞ്ഞുമാറിയാലോ, വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നാലോ തന്റെ കുട്ടികളെ പ്രസവിച്ചുവെന്നതിനുള്ള 'തെളിവാണ്' അസ്ഥിയിലൂടെ ഭവിന്‍ ശേഖരിച്ചതെന്ന് പോലീസ് കരുതുന്നു. അടുത്തിടെയായി പെണ്‍കുട്ടിയോട് ക്ഷമപറയുന്ന തരത്തില്‍ ഇയാള്‍ സംസാരിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് അനീഷയുമായി വീണ്ടും തര്‍ക്കമുണ്ടായി. സംഭവം പോലീസിനെ അറിയിക്കുമെന്നും 'എന്നെ ഒഴിവാക്കി നീ ജീവിക്കേണ്ടാ' എന്നും ഭവിന്‍ പറഞ്ഞു.

ഒന്നും പറയാതെ പോലീസ്, സ്റ്റേഷന്‍ വളഞ്ഞ് മാധ്യമപ്പട

 ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത പുറംലോകം അറിയുന്നത്. മാധ്യമങ്ങള്‍ക്കുള്‍പ്പെടെ പ്രാഥമികവിവരങ്ങള്‍ മാത്രമാണ് ലഭിച്ചത്. സംഭവം എന്താണെന്ന് മനസ്സിലാക്കിവരുമ്പോഴേക്കും പുതുക്കാട് സ്റ്റേഷന്‍ മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു.

പ്രതികളെ സ്റ്റേഷനില്‍ ചോദ്യംചെയ്യുമ്പോള്‍ ചാനല്‍ ക്യാമറകള്‍ പുറത്ത് കാത്തുനിന്നു. അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പുറത്തുവന്നു. ഭവിനെയും അനീഷയെയും രണ്ടു മുറികളിലായാണ് ആദ്യം ചോദ്യംചെയ്തത്. ഇടയ്ക്ക് ഇരുവരെയും ഒന്നിച്ച് ചോദ്യംചെയ്യാനായി സ്റ്റേഷനിലെ മറ്റൊരു മുറിയിലേക്ക് മാറ്റുമ്പോള്‍ ചിത്രമെടുക്കാന്‍ കൂട്ടയിടി.

മുഖം മറച്ച് ചുറ്റും പോലീസുകാരുടെ അകമ്പടിയിലായിരുന്നു പ്രതികള്‍. 11.30-ഓടെ തൃശ്ശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍ സ്റ്റേഷനിലെത്തി. മാധ്യമപ്പട വളഞ്ഞെങ്കിലും ഒന്നും പറയാതെ അദ്ദേഹം സ്റ്റേഷനിലേക്ക് പോയി. പിന്നാലെ ഫോറന്‍സിക് വിദഗ്ധരുടെ സംഘമെത്തി. സംഭവത്തില്‍ വ്യക്തത വന്നതോടെ മാധ്യമങ്ങളുമായി സംസാരിക്കാന്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചു. കേസിന്റെ വിവരങ്ങള്‍ പുറംലോകം അറിഞ്ഞത് എസ്പിയുടെ പത്രസമ്മേളനത്തിലൂടെയായിരുന്നു.

ചുരുളഴിക്കാന്‍ തെളിവെടുപ്പ് ഇന്ന് കോടതിയില്‍ ഹാജരാക്കും

 പ്രതികളായ ഭവിനെയും അനീഷയെയും രണ്ട് സംഘങ്ങളായി വീടുകളില്‍ തെളിവെടുപ്പിനെത്തിച്ചിരുന്നു. അനീഷയെ വെള്ളിക്കുളങ്ങര നൂലുവള്ളിയിലെ വീട്ടിലും ഭവിനെ ആമ്പല്ലൂരിലെ വീട്ടിലുമെത്തിച്ചാണ് തെളിവെടുത്തത്. അനീഷയുടെ മൊഴിപ്രകാരം ആദ്യത്തെ കുട്ടിയെ കുഴിച്ചിട്ട ഭാഗത്ത് പോലീസ് സംഘം എത്തിച്ചു. അനീഷയെ എത്തിക്കുന്നതറിഞ്ഞ് വലിയതോതില്‍ നാട്ടുകാര്‍ പ്രദേശത്തെത്തി.

ഇതിനുശേഷമാണ് ഭവിനെ ആമ്പല്ലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തത്. രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം അനീഷ എത്തിച്ചതും മറവുചെയ്തതും പ്രതി വിവരിച്ചു. വീടിന് പിറകിലെ തോട്ടത്തിലാണു കുഴിച്ചിട്ടത്. ഇരുവരെയും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

അതേസമയം, കുഞ്ഞിനെ അനീഷ കൊന്നിട്ടുണ്ടോ എന്നത് അറിയില്ലെന്ന് അനീഷയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ഇരുവരും തമ്മില്‍ അടുപ്പമുള്ള കാര്യം അറിയാമായിരുന്നു. വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ അനീഷയ്ക്ക് ഇയാളുമായി ബന്ധമില്ലെന്നാണു കരുതിയിരുന്നതെന്നും അമ്മ പറഞ്ഞു.

Content Highlights: Kerala couple is arrested for killing their two newborn babies reveals the reason for their dispute