പഞ്ചാബി യുവതി കാനഡയിൽ കൊല്ലപ്പെട്ടു, പങ്കാളി അറസ്റ്റിൽ; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ്

ഒട്ടാവ: ഇന്ത്യൻ യുവതി കാനഡയിൽ കൊല്ലപ്പെട്ടു. കാനഡയിലെ എഡ്മണ്ടണിൽ താമസിച്ചിരുന്ന ദമൻപ്രീത് കൗർ (23) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൗറിന്‌റെ പങ്കാളിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ സാമ്രാല സ്വദേശിനിയാണ് കൗർ.
ജൂലൈ ഒമ്പതിന് എഡ്മണ്ടണിലെ സ്വന്തം വീട്ടിൽവെച്ചാണ് ദമൻപ്രീത് ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറയുന്നു. സംഭവദിവസം വൈകുന്നേരം 6.44-ഓടെ പോലീസിന് ലഭിച്ച ഫോൺകോളിന്റെ അടിസ്ഥാനത്തിലാണ് അവർ കൗറിന്റെ വീട്ടിലെത്തിയത്. ബോധരഹിതയായ നിലയിലായിരുന്ന കൗറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരമായി പരിക്കേറ്റിരുന്ന കൗർ മൂന്ന് ദിവസത്തിനുശേഷം ആശുപത്രിയിൽവെച്ച് മരണത്തിന് കീഴടങ്ങി. ജൂലൈ 12-ന് മരിച്ച കൗറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മരണം കൊലപാതകമാണെന്ന് സ്ഥിതീകരിച്ചത്. കഴുത്തു ഞെരിച്ചാണ് കൗറിനെ കൊലപ്പെടുത്തിയിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.
പിന്നാലെയാണ് കൗറിന്റെ പങ്കാളിയായ റിതീഷ് കുമാറിനെ എഡ്മണ്ടൻ പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 22-ന് മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി റിതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ കേസിൽ മറ്റാരെയും പ്രതികളായി സംശയിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു.
യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കികൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം കാനഡയിൽനിന്ന് നാട്ടിലെത്തിക്കുന്നതിനായി 20,000 ഡോളറോളം ചെലവുണ്ട്. ഇതിനായി 'GoFundMe' എന്ന ഓൺലൈൻ കാമ്പയിൻവഴി ഇതുവരെ 19,000 ഡോളർ സമാഹരിക്കാൻ സാധിച്ചിട്ടുള്ളതായി കൗറിന്റെ സുഹൃത്തുക്കൾ അറിയിച്ചു.
Content Highlights: Damanpreet Kaur (23) from Ludhiana died in Edmonton, Canada. Post-mortem confirms death by strangulation; ruled as homicide. Partner Ritesh Kumar arrested on July 22 for intentional homicide. Community raising funds via GoFundMe to repatriate the body to India.