ഭാര്യയ്ക്കും മകനും മുന്നിൽ പ്രവാസിക്കുനേരെ വെടിവെച്ച് അക്രമികൾ; തോക്ക് തകരാറായതോടെ രക്ഷപ്പെട്ടു

സി.സി.ടി.വി. ദൃശ്യത്തിൽനിന്ന് | Photo: Screen grab / X @ians_india
സി.സി.ടി.വി. ദൃശ്യത്തിൽനിന്ന് | Photo: Screen grab / X @ians_india

അമൃത്‌സര്‍: വീട്ടിൽകയറി ഭാര്യയ്ക്കും മകനും മുന്നില്‍വെച്ച് പ്രവാസിക്കുനേരെ വെടിയുതിർത്ത് അക്രമികൾ. അമൃത്‌സറിലെ ദബുര്‍ജി മേഖലയില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. സുഖ്‌ചൈന്‍ സിങ് എന്നയാൾക്കാണ് വെടിയേറ്റത്. ആയുധധാരികളായ രണ്ടുപേർ വീട്ടില്‍ക്കയറി വെടിയുതിര്‍ക്കുന്നതിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

യു.എസ്സില്‍ സ്ഥിരതാമസക്കാരനായ സുഖ്‌ചൈന്‍ 20 ദിവസത്തിന് മുമ്പാണ് നാട്ടിലെത്തിയത്. അടുത്തിടെ ഇയാള്‍ ഒന്നര കോടി രൂപയുടെ ആഢംബര കാര്‍ വാങ്ങിയിരുന്നു. ഈ കാറിന്റെ രജിസ്‌ട്രേഷനെ കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേനെയാണ് അക്രമികള്‍ വീട്ടില്‍ കയറിയത്. തുടര്‍ന്ന് സിങ്ങിന്റെ തൊട്ടടുത്തെത്തിയ അക്രമികള്‍ ഉടനടി വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് വെടിയുതിര്‍ത്തപ്പോഴേക്ക് തോക്ക് തകരാറിലായതിനെ തുടര്‍ന്ന് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഇതുള്‍പ്പെടെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

സാരമായി പരിക്കേറ്റ സുഖ്‌ചൈന്‍ സിങ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സുഖ്‌ചൈനിന്റെ ആദ്യഭാര്യയുടെ കുടുംബമാണ് അക്രമത്തിന് പിന്നിലെന്ന് അദ്ദേഹത്തിന്റെ അമ്മ ആരോപിച്ചു. വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

അക്രമസംഭവം പഞ്ചാബിലെ എഎപി സർക്കാരിനേതിരേ പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. വ്യക്തിപരമായ വൈരാഗ്യമാകാം അക്രമത്തിന് കാരണമെന്ന് പഞ്ചാബ് എന്‍.ആര്‍.ഐ. കാര്യ മന്ത്രി കുല്‍ദീപ് എസ്. ധലിവാല്‍ പറഞ്ഞു. പഞ്ചാബില്‍ ക്രമസമാധാനം ഇല്ലാതായെന്ന് ശിരോമണി അകാലിദള്‍ ആരോപിച്ചു.

Content Highlights: NRI shot at in front of wife and son in Amritsar, assailants flee as gun jams