ഹോട്ടലില്‍ സംഘര്‍ഷം; കബഡി താരങ്ങളുടെ മര്‍ദനമേറ്റ് പഞ്ചാബില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു

ലുധിയാന: ഹോട്ടലിലുണ്ടായ സംഘര്‍ഷത്തില്‍ കബഡി താരങ്ങളുടെ മര്‍ദനമേറ്റ് പോലീസുകാരന്‍ കൊല്ലപ്പെട്ടു. പഞ്ചാബ് പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ദര്‍ശന്‍ സിങ് ആണ് കബഡി താരങ്ങളുടെ മര്‍ദനത്തെത്തുടര്‍ന്ന് തലയിടിച്ച് വീണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് കബഡി താരങ്ങള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി ബര്‍ണാലയിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. കബഡി മത്സരത്തിന് ശേഷം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ നാലുപേര്‍ ഹോട്ടൽ ജീവനക്കാരുമായി ബില്‍തുകയെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഹോട്ടലുടമ പോലീസിനെ വിളിച്ചു. തുടര്‍ന്നാണ് ദര്‍ശന്‍ സിങ് ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തിയത്. എന്നാല്‍, പ്രതികളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ നാലുപ്രതികളും പോലീസിനെതിരേ തിരിഞ്ഞു. ഇവര്‍ ദര്‍ശന്‍ സിങ്ങിനെ സംഘംചേര്‍ന്ന് മര്‍ദിച്ചു. ഈ മര്‍ദനത്തിനിടെയാണ് ദര്‍ശന്‍ സിങ് തറയില്‍ തലയിടിച്ച് വീണത്. ഗുരുതരമായി പരിക്കേറ്റ പോലീസുകാരനെ ഉടന്‍തന്നെ ബര്‍ണാല സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ നാലുപ്രതികളും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടിരുന്നു.
റയ്‌സാര്‍ സ്വദേശി ജഗ്‌രാജ് സിങ്, തിക്രിവാല്‍ സ്വദേശി പരംജിത് സിങ്, ചീമ സ്വദേശി ഗുര്‍മീത് സിങ്, അംലസിങ് വാല സ്വദേശി വാസിര്‍ സിങ് എന്നിവരാണ് പോലീസുകാരനെ കൊലപ്പെടുത്തിയതെന്ന് ബര്‍ണാല എസ്.എസ്.പി. സന്ദീപ് കുമാര്‍ മാലിക്ക് അറിയിച്ചു. ഇവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോലീസുകാരന്റെ മരണത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് മാനും അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരുകോടി രൂപയുടെ സാമ്പത്തികസഹായവും പ്രഖ്യാപിച്ചു. ഇതിനുപുറമേ പോലീസ് വെല്‍ഫയര്‍ ഇന്‍ഷുറന്‍സിന്റെ ഭാഗമായി എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ഒരുകോടി രൂപ പോലീസുകാരന്റെ കുടുംബത്തിന് ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlights: punjab cop killed by four kabaddi players