പോർഷെ അപകടം: 'പോലീസ് സ്റ്റേഷനിൽ പ്രതിക്ക് ബർഗറും പിസ്സയും'; കാറോടിച്ചത് ഡ്രൈവറെന്ന് വിചിത്രവാദം

അപകടമുണ്ടാക്കിയ കാറും മരണപ്പെട്ടവരും: ഫോട്ടോ| എക്‌സ്‌
അപകടമുണ്ടാക്കിയ കാറും മരണപ്പെട്ടവരും: ഫോട്ടോ| എക്‌സ്‌

പുണെ: ആഡംബര കാറിടിച്ച് പുണെയില്‍ രണ്ട് യുവ എന്‍ജിനയര്‍മാരുടെ ജീവനെടുത്ത സംഭവത്തില്‍ കാറോടിച്ചിരുന്നത് ഡ്രൈവറെന്ന് ആരോപണവിധേയനായ 17-കാരൻ. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും കുട്ടിയുടെ പിതാവും ഈ വാദത്തെ പിന്തുണച്ച് രം​ഗത്തെത്തി. 

തുടർന്ന്, കേസുമായി ബന്ധപ്പെട്ട് ഡ്രൈവറെയും പോലീസ് ചോദ്യം ചെയ്തു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് താൻ ആണെന്ന് അദ്ദേഹം സമ്മതിച്ചതായാണ് റിപ്പോർട്ട്. അതിനിടെ, കുട്ടിയുടെ പിതാവ് വിശാൽ അ​ഗർവാളിന്റെ ഫോൺ പോലീസ് കണ്ടെടുത്തു. ഇതുവഴി, കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

അതേസമയം, മരിച്ച യുവതിയും യുവാവും തമ്മിലുള്ള ബന്ധം അന്വേഷിക്കാനാണ് പോലീസ് ഏറെസമയം ചിലവഴിച്ചതെന്ന് മഹാരാഷ്ട്രയില്‍ വഞ്ചിത് ബഹുജന്‍ അഘാഡി (വി.ബി.എ.) നേതാവ് പ്രകാശ് അംബേദ്കർ ആരോപിച്ചു. ആരോപണവിധേയനായ പ്രതിക്ക് പോലീസ് ബർ​ഗറും പിസ്സയും നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 02:15-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 17-കാരന്‍ 200 കിമോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എന്‍ജിനീയര്‍മാര്‍ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവര്‍ക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്. 

കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇത് വലിയ വിവാദത്തിലായതോടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പബ്ബ് മാനേജര്‍, പബ്ബ് ഉടമ, 17 കാരന്റെ പിതാവ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. പബ്ബ് അടച്ചുപൂട്ടി.
 

Content Highlights: Pune Porsche Crash, Teen, Father Claim Family Driver Was Driving