9 വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊന്നു, മൃതദേഹം ഓവുചാലിൽ തള്ളി; CCTV ദൃശ്യത്തിൽ കുടുങ്ങി അയൽവാസി

#ന്യൂസ് ഡെസ്ക്
മൃതദേഹം പോലീസ് കണ്ടെടുക്കുന്നു | Photo: @ians_india
മൃതദേഹം പോലീസ് കണ്ടെടുക്കുന്നു | Photo: @ians_india

പൂണെ: മഹാരാഷ്ട്രയിലെ പുണെയിൽ ഒമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. ജുന്നാർ താലൂക്കിലെ പിംപൾവാഡി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 25-കാരനായ സഹിൽ ഖേരെ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കർഷകദമ്പതിമാരുടെ മകളായ നാലാം ക്ലാസുകാരിയാണ് കൊല്ലപ്പെട്ടത്. അസുഖബാധിതയായതിനെത്തുടർന്ന് പെൺകുട്ടി സ്കൂളിൽ പോയിരുന്നില്ല. മാതാപിതാക്കൾ ജോലിക്ക് പോയ സമയം നോക്കിയാണ് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തുവെച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വൈകുന്നേരം മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് അയൽവാസികൾക്കൊപ്പം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസും തിരച്ചിൽ ശക്തമാക്കിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചിലിനിടെ പ്രതി ഒന്നും അറിയാത്ത ഭാവത്തിൽ ഇവർക്കൊപ്പം ചേർന്നിരുന്നു.

പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. പ്രദേശത്തെ സിസിടിവിയിൽ അസ്വാഭാവികമായ സാഹചര്യത്തിൽ ഒരാൾ സൈക്കിളോടിച്ചു പോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. കൂടുതൽ പരിശോധനയിലാണ് ദൃശ്യത്തിലുള്ളത് സാബിൽ ഖൈറാണെന്ന് തിരിച്ചറിഞ്ഞത്. ചോദ്യംചെയ്യലിൽ സൈക്കിളോടിച്ചു പോകുന്നത് താനാണെന്ന് പ്രതി സമ്മതിച്ചു. തുടർന്നുനടത്തിയ ചോദ്യംചെയ്യലിൽ കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതായി പ്രതി സമ്മതിക്കുകയായിരുന്നു. ഒഴിഞ്ഞയിടത്ത് മരത്തിനു കീഴിലുള്ള ഓവുചാലിൽ തള്ളിയനിലയിലായിരുന്നു മൃതദേഹം.

സംഭവത്തിൽ രോഷാകുലരായ നാട്ടുകാരും ബന്ധുക്കളും പുണെ-നാസിക് ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നും കേസിന്റെ വിചാരണ അതിവേഗകോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. കേസിൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനൽകിയതിനെത്തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.

പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Content Highlights: A 9-year-old girl was kidnapped, sexually assaulted, and murdered by her neighbor in Pune's Junnar taluka., The accused, 25-year-old Sahil Khere, initially joined the victim's family in searching for her to act innocent., CCTV footage led police to identify the accused riding a bicycle, resulting in his confession., Angry locals and relatives staged a protest on the Pune-Nashik highway demanding the death penalty.