കൊല്ലത്ത് അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റു; വിദ്യാർഥിക്കെതിരേ കേസ്

കൊല്ലം: പുനലൂരിൽ അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ആരോപണവിധേയനായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ പിടിച്ചുവെച്ചു. ഇത് പോലീസിന് കൈമാറും. മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റ് പണം നേടിയെന്നും ആരോപണമുണ്ട്.
പുനലൂർ പോളിടെക്‌നിക് കോളേജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിക്കെതിരേയാണ് പരാതി. അധ്യാപകരുടെയും സഹപാഠികളായ വിദ്യാർഥികളുടെയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അവ അശ്ലീല സൈറ്റുകളിൽ ഉൾപ്പെടെ പ്രചരിപ്പിച്ച് പണം നേടിയെന്നുമാണ് കേസ്.
ചിത്രങ്ങൾ മോർഫ് ചെയ്തതായി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കോളേജിൽ നടത്തിയ ചർച്ചയിൽ വിദ്യാർഥി സമ്മതിച്ചിട്ടുണ്ട്. ആരോപണവിധേയനായ വിദ്യാർഥിയെ കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കോളേജിൽ വലിയ പ്രതിഷേധം നടക്കുന്നു.