പൂജ ഖേദ്കറിനെതിരെ ബുൾഡോസർ; കുടുംബ ബംഗ്ലാവിനോട് ചേർന്ന കൈയ്യേറ്റം ഒഴിപ്പിച്ചു

പൂജാ ഖേദ്കര്‍, പുണെയിലെ കുടുംബ ബംഗ്ലാവ്‌ | Photo: PTI, X/ Nalini Unagar
പൂജാ ഖേദ്കര്‍, പുണെയിലെ കുടുംബ ബംഗ്ലാവ്‌ | Photo: PTI, X/ Nalini Unagar

മുംബൈ: മഹാരാഷ്ട്രയിലെ വിവാദ ട്രെയിനി ഐ.എ.എസ്. ഉദ്യോഗസ്ഥ പൂജ ഖേദ്കറിനെതിരെ വീണ്ടും നടപടി. പൂജയുടെ കുടുംബത്തിന്റെ പുണെയിലുള്ള ബംഗ്ലാവിന് പുറത്തെ അനധികൃത കൈയ്യേറ്റങ്ങള്‍ പുണെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഒഴിപ്പിച്ചു. ബുള്‍ഡോസര്‍ എത്തിച്ചാണ് കൈയ്യേറ്റം ഒഴിപ്പിച്ചത്.

വീടിനോട് ചേര്‍ന്ന ഫൂട്പാത്ത് കൈയ്യേറി സൗന്ദര്യവത്കരണം നടത്തിയെന്നാണ് കോര്‍പ്പറേഷന്റെ കണ്ടെത്തല്‍. ഇവിടെ ചെറിയ മരങ്ങളും കുറ്റിച്ചെടികളുമടക്കം പിടിപ്പിച്ചിട്ടുണ്ട്. ഇത് നീക്കാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. തുടര്‍ന്നാണ് ബുള്‍ഡോസറുമായി പുണെ കോര്‍പ്പറേഷന്‍ എത്തിയത്.

തുടര്‍ച്ചയായ വിവാദങ്ങളെത്തുടര്‍ന്ന് പൂജയുടെ പരിശീലനം അവസാനിപ്പിച്ച് മസൂറിയിലെ ഐ.എ.എസ്. പരിശീലനകേന്ദ്രത്തിലേക്ക് മടക്കിവിളപ്പിച്ചിരുന്നു. സിവില്‍ സര്‍വീസില്‍ പ്രവേശനം ലഭിക്കാന്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലായിരുന്നു നടപടി.

പൂജയുടെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമാണന്ന് ആരോപണമുണ്ടായിരുന്നു. പരിശീലനത്തില്‍ പ്രവേശിച്ചതിന് പിന്നാലെ വി.ഐ.പി. പരിഗണന ആവശ്യപ്പെട്ടതാണ് വിവാദങ്ങളിലേക്ക് വഴിതെളിച്ചത്. പുണെ കളക്ടറോട് കാറും ഔദ്യോഗിക ബംഗ്ലാവും പൂജ ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി കളക്ടര്‍ സുഹാസ് ദിവാസ് പരാതി നല്‍കി. സ്വകാര്യവ്യക്തിയുടെ ആഡംബര കാര്‍ ഉപയോഗിച്ചതും ഈ കാറില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റും മഹാരാഷ്ട്രാസര്‍ക്കാരിന്റെ നമ്പര്‍പ്ലേറ്റും ഉപയോഗിച്ചതും വിവാദമായി. തനിക്കെതിരെ പരാതി നല്‍കിയ കളക്ടര്‍ക്കെതിരെ പൂജയും പരാതിയുമായി രംഗത്തെത്തിയിരുന്നു.

Content Highlights: IAS Trainee Puja Khedkar's Pune Home Faces Bulldozer Action Amid 'Footpath Beautification'