ഗ്രീഷ്മ പൈശാചികമനസ്സിന് ഉടമയെന്ന വാദം കോടതി അംഗീകരിച്ചു, പ്രതിയുടെ അമ്മയ്‌ക്കെതിരേ തുടർനടപടിയില്ല

പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാർ, ​ഗ്രീഷ്മയും ഷാരോൺരാജും
പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാർ, ​ഗ്രീഷ്മയും ഷാരോൺരാജും

തിരുവനന്തപുരം: ഷാരോൺരാജ് വധക്കേസിൽ ഒന്നാം പ്രതി ​ഗ്രീഷ്മയെ വധശിക്ഷയ്ക്കു വിധിച്ചതിനു പിന്നാലെ പ്രതികരിച്ച് പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാർ. കോടതി വിധിയിൽ നൂറ് ശതമാനം തൃപ്തനാണെന്ന് അദ്ദേഹം പറഞ്ഞു. കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി വലിയ
അഭിനന്ദനം കോടതി നൽകി. ഇത് പോലീസിന് അഭിമാനകരമാണ്. പോലീസിന്റെയും പ്രോസിക്യൂഷന്റയും വിജയമായാണ് ഇതിനെ കാണുന്നത്. വിധിക്കുശേഷം ഷാരോണിന്റെ കുടുംബത്തെ കണ്ടിരുന്നുവെന്നും നീതിപൂർവ്വമായ വിധിയാണുണ്ടായതെന്ന് മാതാപിതാക്കൾ പറഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഗ്രീഷ്മയുടെ അമ്മയെ വെറുതേവിട്ടതിനെതിരേ തുടർനടപടികൾ ഉണ്ടാവില്ലെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഒരിക്കലും അപ്പീൽ നൽകേണ്ട ആവശ്യമില്ല. അന്വേഷണസംഘത്തിന് നൽകിയ കുറ്റസമ്മതമൊഴിയല്ലാതെ മറ്റൊന്നും അവർ തെളിവ് നശിപ്പിച്ചതിന് പോലീസിന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് മാത്രമാണ് കോടതിക്ക് ​ഗ്രീഷ്മയുടെ അമ്മയെ വെറുതേവിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തേ 2022 ആ​ഗസ്റ്റ് 22-ന് ജ്യൂസിൽ വലിയ അളവിൽ പാരസിറ്റമോൾ കലക്കി ഷാരോണിനെ കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചിരുന്നുവെന്നും ജ്യൂസ് തുപ്പികളഞ്ഞതുകൊണ്ട് ആ വധശ്രമം പരാജയപ്പെട്ടതായും കോടതി കണ്ടെത്തി. ഇതിലൂടെ മുൻപും പ്രതി കുറ്റംകൃത്യം ചെയ്തതായി കോടതി വിലയിരുത്തി. പരമാവധി ശിക്ഷ നൽകുന്നതിന് കോടതിക്കു മുൻപിൽ ഇതും പ്രധാനഘടകമായി. കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പാക്കിയ കുറ്റകൃത്യമാണെന്നും കോടതി കണ്ടെത്തി. ​ഗ്രീഷ്മ പൈശാചികമായ മനസ്സിന് ഉടമയാണെന്ന പ്രോസിക്യൂഷൻ വാദം കോടതി പൂർണമായി അം​ഗീകരിച്ചെന്നും ഇതാണ് വധശിക്ഷ വിധിക്കുന്നതിലേക്ക് എത്തിച്ചതെന്നും വിനീത് കുമാർ കൂട്ടിച്ചേർത്തു.  

Content Highlights: Public prosecutor reacts Sharonraj murder case verdict