3 വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവം: പ്രതികൾക്കായി വാദിച്ചത് പബ്ലിക് പ്രോസിക്യൂട്ടർ, ജാമ്യം ലഭിച്ചു

കല്പറ്റ: ചൂടുവെള്ളം മറിഞ്ഞ് പൊള്ളലേറ്റ് പിഞ്ചുകുഞ്ഞു മരിച്ച സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുെട പിതാവിനായി പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായി. മാനന്തവാടി പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടർ ജോഷി മുണ്ടയ്ക്കലാണ് പ്രതികൾക്കുവേണ്ടി വാദിച്ച് ജാമ്യം നേടിക്കൊടുത്തത്.
മതിയായ ചികിത്സകിട്ടാതെയാണ് പൊള്ളലേറ്റ കുട്ടി മരിച്ചത്. കുട്ടിയുടെ ചികിത്സയ്ക്ക് വിമുഖത കാണിച്ച പിതാവ് വൈശ്യമ്പത്ത് അൽത്താഫിനും ചികിത്സിച്ച നാട്ടുവൈദ്യൻ കമ്മന ഐക്കരക്കുടി ജോർജിനുംവേണ്ടിയാണ് ജോഷി മുണ്ടയ്ക്കൽ ഹാജരായത്.
തിങ്കളാഴ്ചയാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കേസിന്റെ വാദം കേട്ടത്. മറ്റൊരു അഭിഭാഷകനാണ് പ്രതികളുടെ വക്കാലത്ത് എടുത്തിരുന്നതെങ്കിലും ജോഷി മുണ്ടയ്ക്കലാണ് വാദിച്ചത്.
പബ്ലിക് പ്രോസിക്യൂട്ടറുടെ അധികാരം ഉപയോഗിച്ച് ജോഷി മുണ്ടയ്ക്കൽ പനമരം പോലീസിൽ വിളിച്ചു കേസിന്റെ വിവരങ്ങൾ ശേഖരിച്ചതായും ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) പനമരം പോലീസിനോടു റിപ്പോർട്ട് തേടിയതായി സൂചനയുണ്ട്. സംഭവത്തെപ്പറ്റി പോലീസ് രഹസ്യാന്വേഷണവിഭാഗവും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മജിസ്‌ട്രേറ്റിന്റെ ചേംബറിലെത്തി നീരസം അറിയിച്ചതായാണ് സൂചന.
കഴിഞ്ഞമാസം ഒൻപതിനാണ് വീട്ടിൽ കുളിക്കാനായി കരുതിവെച്ച ചൂടുവെള്ളം നിറച്ച ബക്കറ്റിൽവീണ് അഞ്ചുകുന്ന് ഡോക്ടർപടിയിലെ മൂന്നുവയസ്സുകാരനായ മുഹമ്മദ് അസാനു പൊള്ളലേറ്റത്. 20-ന് കുട്ടി മരിച്ചു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത കുട്ടിയെ ആശുപത്രിയിൽ കാണിച്ച് മതിയായ ചികിത്സ നൽകുന്നതിനു പകരം നാട്ടുവൈദ്യനെ കാണിച്ച് വീട്ടിൽ ചികിത്സിക്കുകയായിരുന്നു.
Related News: മൂന്ന് വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും നാട്ടുവൈദ്യനും അറസ്റ്റിൽ
സംഭവത്തിൽ കുട്ടിയുടെ പിതാവ് വൈശ്യമ്പത്ത് അൽത്താഫ്, നാട്ടുവൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റുചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.
അതേസമയം, താൻ കേസിൽ വക്കാലത്തെടുത്തിട്ടില്ലെന്നും പ്രതികൾക്കായി ഹാജരായിട്ടില്ലെന്നും ജോഷി മുണ്ടയ്ക്കൽ പറഞ്ഞു. മറ്റൊരു അഭിഭാഷകനായ ഷിബിലാണ് വക്കാലത്തെടുത്തതും വാദിച്ചതും.
ഷിബിൽ സ്വതന്ത്രമായി കേസുകൾ വാദിക്കുന്ന അഭിഭാഷകനാണെന്നും തന്റെ ജൂനിയറല്ലെന്നും ജോഷി മുണ്ടയ്ക്കൽ പറഞ്ഞു.
Content Highlights: Public prosecutor appeard for accused, gets bail on 3 year old boy death at Wayanad