പി.എസ്.സി.യുടെ പേരില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വ്യാജ കത്ത്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: പി.എസ്.സി.യുടെ പേരില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വ്യാജ കത്ത് നല്‍കിയ കേസില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അടൂര്‍ സ്വദേശി രാജലക്ഷ്മി എന്ന വാവയെ പിടികൂടാനായാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസില്‍ അന്വേഷണം നടത്താനായി പ്രത്യേകസംഘത്തെയും രൂപവത്കരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി ക്രൈം ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ബിജി ജോര്‍ജാണ് സംഘത്തലവന്‍. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ സി.നാഗരാജുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജ്, അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ജയരാജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.ഹരിലാല്‍, തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി.ഫര്‍ഷാദ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.എല്‍.വിഷ്ണു എന്നിവരാണ് സംഘാംഗങ്ങള്‍.
പരിശോധനയ്ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ പി.എസ്.സി.യുടെ ലെറ്റര്‍ ഹെഡില്‍ ഏതാനും ഉദ്യോഗാര്‍ഥികള്‍ക്കു നിര്‍ദേശം ലഭിച്ചിരുന്നു. അവര്‍ ഈ കത്തും സര്‍ട്ടിഫിക്കറ്റുകളുമായി പി.എസ്.സി.യില്‍ എത്തിയപ്പോഴാണ് നിര്‍ദേശം വ്യാജമാണെന്നു മനസ്സിലായത്. രാജലക്ഷ്മിയാണ് സംഭവത്തിന് പിന്നിലെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് മേധാവി പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
Content Highlights: psc fake letter case police lookout notice against the accused