ഫോണിലും പെൻഡ്രൈവിലും ഡസൻകണക്കിന് അശ്ലീല വീഡിയോകൾ; പ്രജ്ജ്വൽ രേവണ്ണ ജയിലിലും പ്രശ്നക്കാരൻ

#ന്യൂസ് ഡെസ്ക്
പ്രജ്ജ്വല്‍ രേവണ്ണ | ഫയല്‍ചിത്രം | പിടിഐ
പ്രജ്ജ്വല്‍ രേവണ്ണ | ഫയല്‍ചിത്രം | പിടിഐ

ബെംഗളൂരു: ലൈംഗികപീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ജനതാദൾ (സെക്യുലർ) മുൻ എംപി പ്രജ്വൽ രേവണ്ണ ജയിലിനുള്ളിൽ നിയമവിരുദ്ധമായി മൊബൈൽ ഫോൺ ഉപയോഗിച്ചതായി റിപ്പോർട്ട്. തടവിൽ കഴിയുന്ന അദ്ദേഹത്തിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണിലും മറ്റ് ഉപകരണങ്ങളിലും നടത്തിയ ഫോറൻസിക് പരിശോധനയിൽ ഹാൻഡ്സെറ്റിൽ ഡസൻകണക്കിന് അശ്ലീല വീഡിയോകൾ ഉള്ളതായി കണ്ടെത്തി.

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരീപുത്രനുമായ രേവണ്ണ, ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഫോൺ വീണ്ടെടുത്തത്. ജയിൽ മുറിക്കുള്ളിൽ ഉപകരണം ഉപയോഗിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടതെന്നാണ് വിവരം.

48 വയസ്സുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ കഴിഞ്ഞ വർഷമാണ് രേവണ്ണ ശിക്ഷിക്കപ്പെട്ടത്. ഹാസൻ ജില്ലയിലെ ഹൊളെനരസീപുരയിലുള്ള രേവണ്ണ കുടുംബത്തിന്റെ ഫാം ഹൗസിൽ ഗാർഹിക ജോലിക്കാരിയായിരുന്ന സ്ത്രീ, 2021 മുതൽ പ്രജ്ജ്വൽ രേവണ്ണ തന്നെ നിരന്തരം ബലാത്സംഗം ചെയ്തതായി ആരോപിച്ചിരുന്നു.

ഇയാൾ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ആർക്കെങ്കിലും വിവരം നൽകിയാൽ വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവർ ആരോപിച്ചു. ഇയാൾ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ആരോപണങ്ങൾക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രേവണ്ണ അറസ്റ്റിലായതും ശിക്ഷിക്കപ്പെട്ടതും.

നിലവിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 11-നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ജയിലിൽ മിന്നൽ പരിശോധന നടത്തിയത്. ജയിൽ ഉദ്യോഗസ്ഥന്റെയും മറ്റ് തടവുകാരുടെയും സഹായത്തോടെ ഏകദേശം ഒരു ലക്ഷം രൂപ കൈക്കൂലി നൽകിയാണ് ഫോണും സിം കാർഡും അകത്തേക്ക് കടത്തിയത്.

ഇയാൾ താമസിച്ചിരുന്ന അതിസുരക്ഷാ ബാരക്കിൽ നിന്ന് ചാർജർ, പെൻ ഡ്രൈവ്, നോട്ട്ബുക്ക് എന്നിവയാണ് പിടിച്ചെടുത്തത്. തുടർന്ന് മൊബൈൽ ഫോണും പെൻ ഡ്രൈവും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ടിൽ ഫോണിൽനിന്ന് ഡസൻകണക്കിന് അശ്ലീല വീഡിയോകളാണ് കണ്ടെത്തിയത്. അതേസമയം പെൻ ഡ്രൈവിൽ വെബ് സീരീസുകളായിരുന്നു ഉണ്ടായിരുന്നത്.

സ്വകാര്യ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ഇലക്ട്രോണിക് ആശയവിനിമയ ഉപകരണങ്ങൾ എന്നിവ ജയിലുകൾക്കുള്ളിൽ കർശനമായി നിരോധിച്ചിട്ടുള്ളതാണ്. ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാനാകുന്ന തരത്തിലുള ലാൻഡ്ലൈനുകൾ, പബ്ലിക് കോൾ ഓഫീസുകൾ (PCOs) അല്ലെങ്കിൽ നിശ്ചിത വീഡിയോ കോളിങ് സംവിധാനങ്ങൾ എന്നിവയിലൂടെ മാത്രമേ ആശയവിനിമയം അനുവദിക്കൂ.

രേവണ്ണയുടെ മുറിയിൽ നിന്ന് മൊബൈൽ ഫോൺ വീണ്ടെടുത്തതിനെത്തുടർന്ന് അധികാരികൾ ജയിൽ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഭവം ബംഗളൂരു സെൻട്രൽ ജയിലിനുള്ളിലെ 'വി.ഐ.പി' തടവുകാർക്കുള്ള പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർത്തിയിട്ടുണ്ട്.

Content Highlights: Former MP Prajwal Revanna, serving a life sentence for rape, was found using a mobile phone illegally in jail, with forensic analysis revealing numerous obscene videos on the device. Revanna, related to former Prime Minister H.D. Deve Gowda, was convicted last year for sexually assaulting and threatening a 48-year-old domestic worker, with investigations uncovering similar offenses against multiple women.