പോര്‍ഷെ അപകടം: ജാമ്യത്തിന് ഇടപെട്ട മുത്തച്ഛന്‍ ഛോട്ടാ രാജനുമായി പണമിടപാട് നടത്തിയിരുന്നെന്ന് CBI

അപകടത്തിനിടയാക്കിയ പോർഷെ| ഫോട്ടോ: PTI
അപകടത്തിനിടയാക്കിയ പോർഷെ| ഫോട്ടോ: PTI

പുണെ: 17-കാരന്‍ മദ്യലഹരിയില്‍ ഓടിച്ച ആഡംബരക്കാറിടിച്ച് രണ്ടുപേര്‍ മരിച്ച കേസിലെ പ്രതിയായ കൗമാരക്കാരന്റെ കുടുംബം മുമ്പ് അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ സഹായിയുമായി ബാങ്കോക്കില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതിയുടെ മുത്തച്ഛന്‍ സുരേന്ദ്ര കുമാര്‍ അഗര്‍വാള്‍ ഛോട്ടാ രാജനുമായി പണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ട കേസ് വിചാരണയിലാണ്. 

2008-09 കാലഘട്ടത്തില്‍ എസ്.കെ അഗർവാളും സഹോദരനും തമ്മിൽ സ്വത്തുതര്‍ക്കമുണ്ടായി. ഇതുമായി ബന്ധപ്പെട്ട്  സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ബാങ്കോക്കില്‍വെച്ച് ഛോട്ടാ രാജന്റെ സഹായിയെ ഇയാള്‍ കണ്ടുവെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. 

അതിനിടെ, 7500 രൂപ കെട്ടിവെക്കാമെന്നും ചീത്ത കൂട്ടുകെട്ടില്‍ നിന്ന് ചെറുമകനെ നിര്‍ത്താമെന്നുമുള്ള മുത്തച്ഛന്റെ ഉറപ്പിന്മേലാണ്‌ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് 17-കാരന് ജാമ്യം അനുവദിച്ചിരുന്നത്. 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. നടപടി വിവാദമായതോടെയാണ് പിതാവിനെയടക്കം പോലീസ് അറസ്റ്റ് ചെയ്തത്.

മേയ് 19-ഞായറാഴ്ചയാണ് 17-കാരന്‍ ഓടിച്ച ആഡംബര കാര്‍ മോട്ടോര്‍സൈക്കിളുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 02:15-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 17-കാരന്‍ 200 കിമോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എഞ്ചിനീയര്‍മാര്‍ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവര്‍ക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്.  കേസുമായി ബന്ധപ്പെട്ട് പബ്ബ് മാനേജര്‍, പബ്ബ് ഉടമ, 17 കാരന്റെ പിതാവ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. 

Content Highlights: Porsche crash: teeneger's grandfather linked to Chhota Rajan says cbi report