പോര്‍ഷെ അപകടം: രക്തസാമ്പിള്‍ ശേഖരിക്കുന്നതിലടക്കം വീഴ്ച, രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മുംബൈ: 17 കാരൻ ഓടിച്ച ആഡംബര കാറിടിച്ച് പുണെയിൽ രണ്ട് യുവ എൻജിനയർമാർ കൊല്ലപ്പെട്ട സംഭവത്തിൽ യെർവാഡ പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ പോലീസിന്റെ കൂടുതൽ വീഴ്ചകൾ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി.
ഇൻസ്പെക്ടർ രാഹുൽ ജഗ്ദാലെ, അസിസ്റ്റൻ്റ് പോലീസ് ഇൻസ്പെക്ടർ വിശ്വനാഥ് തോഡ്കരി എന്നിവരെ സസ്‌പെൻഡ് ചെയ്തതായി അഡീഷണൽ പോലീസ് കമ്മീഷണർ മനോജ് പാട്ടീൽ അറിയിച്ചു. കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിനാണ് സസ്‌പെൻഷൻ.
അന്വേഷണത്തിൽ കേസെടുക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതായി പൂണെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വാഹനം ഓടിച്ചിരുന്ന 17കാരൻ അപകടത്തിന് മുമ്പ് രണ്ട് പബ്ബുകളിൽ നിന്ന് മദ്യം കഴിച്ചുവെന്നാണ് വിവരം. എന്നാൽ ഇയാളുടെ രക്തസാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം ഉണ്ടായതായി കമ്മീഷണർ സമ്മതിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നതെങ്കിലും രാത്രി 11 മണിയോടെയാണ് രക്തസാമ്പിളുകൾ ശേഖരിച്ചതെന്നും കമ്മീഷണർ പറഞ്ഞു.
ആദ്യം ഐപിസി 304 (എ) അശ്രദ്ധ മൂലമുള്ള മരണം പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പിന്നീടാണ് സെക്ഷൻ 304 ചേർത്തതെന്നും കമ്മീഷണർ വ്യക്തമാക്കി.
പ്ലസ്ടു വിജയത്തിലെ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പതിനേഴുകാരന്‍ പബ്ബിലെത്തി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപാന സദസ്സില്‍ പങ്കെടുത്തത്. ശേഷം ആഡംബര കാര്‍ അമിത വേഗതയില്‍ ഓടിച്ച് അപകടമുണ്ടാക്കുകയും ചെയ്തു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു രണ്ട് യുവ എന്‍ജിനയര്‍മാര്‍ക്കാണ് സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇത് വലിയ വിവാദത്തിലായതോടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. കേസില്‍ 17 കാരന്‍, ഇയാളുടെ പിതാവ്, പബ്ബ് ഉടമ,പബ്ബ് മാനേജര്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
Content Highlights: Porsche accident Two cops suspended at Yerawada police station