പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: തോമസിന്റെ അമ്മയെ ഓസ്ട്രേലിയയില്‍നിന്നെത്തിച്ച് അറസ്റ്റ് ചെയ്തു

പോപ്പുലര്‍ ഫിനാന്‍സ് ഫ്രോഡ് കേസ്‌ | Screengrab: മാതൃഭൂമി ന്യൂസ്‌
പോപ്പുലര്‍ ഫിനാന്‍സ് ഫ്രോഡ് കേസ്‌ | Screengrab: മാതൃഭൂമി ന്യൂസ്‌

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ തോമസ് ഡാനിയേലിന്റെ അമ്മ മറിയാമ്മയെ ഓസ്ട്രേലിയയില്‍നിന്ന് കൊച്ചിയിലെത്തിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടു. ജാമ്യം നല്‍കുന്നതിനെ ഇ.ഡി. എതിര്‍ത്തില്ല. പ്രായം കൂടി പരിഗണിച്ചാണ് ജാമ്യത്തെ എതിര്‍ക്കാതിരുന്നത്.

പത്തനംതിട്ട ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമകള്‍ മുപ്പതിനായിരത്തോളം നിക്ഷേപകരില്‍നിന്നായി 1,600 കോടി രൂപയാണ് വെട്ടിച്ചത്. സംഭവത്തില്‍ പോലീസ് കേസിന് പിന്നാലെ 2020 ഒക്ടോബറില്‍ ഇ.ഡി. കേസെടുത്തിരുന്നു. ഓഗസ്റ്റില്‍ പോപ്പുലര്‍ ഗ്രൂപ്പ് ഉടമ തോമസ് ഡാനിയേലിനെയും മകള്‍ റിനു മറിയത്തെയും ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ പോപ്പുലര്‍ ഫിനാന്‍സിന്റെ 31.16 കോടിയുടെ സ്വത്തും കണ്ടുകെട്ടി.

കേസില്‍ പ്രതിയായിരുന്ന തോമസ് ഡാനിയേലിന്റെ അമ്മ മറിയാമ്മ ഓസ്ട്രേലിയയിലായിരുന്നു താമസം. സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

Content Highlights: popular finance fraud case