'അനിയന്ത്രിതമായ ലഹരിഉപയോഗം ഉണ്ടാകും'; ഹോളി ആഘോഷത്തിന് മുമ്പ് പ്രിൻസിപ്പൽ പോലീസിന് കത്തുനല്‍കി

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിലെ 'പെരിയാര്‍' മെന്‍സ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ പോലീസിനെ വിവരം അറിയിച്ചത് കോളേജ് പ്രിൻസിപ്പൽ. ഹോളി ദിവസം ലഹരിമരുന്ന് ഉപയോഗമുണ്ടാവുമെന്ന് കൊച്ചി ഡി.സി.പിക്ക് പ്രിൻസിപ്പൽ നല്‍കിയ കത്ത് പുറത്തുവന്നു. കാംപസിന് അകത്തും പുറത്തും നിരീക്ഷണം ശക്തമാക്കണമെന്ന് പ്രിൻസിപ്പൽ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ബുധനാഴ്ചയാണ് പ്രിൻസിപ്പൽ ഡോ. ഐജു തോമസ് കത്തുനല്‍കിയത്. വെള്ളിയാഴ്ച ഉച്ചമുതല്‍ ഹോളി ആഘോഷിക്കുവാന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ തീരുമാനിച്ചതായി കത്തില്‍ പറയുന്നു. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിപദാര്‍ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗമുണ്ടാകുമെന്ന് വിശ്വസനീയമായ ഉറവിടങ്ങളില്‍നിന്ന് വിവരമുണ്ട്. വിദ്യാര്‍ഥികള്‍ പണപ്പിരിവ് നടത്തുന്നുണ്ട്. അതിനാല്‍ കാംപസിനുള്ളില്‍ പോലീസ് സാന്നിധ്യമുണ്ടാവണം. നിരീക്ഷണം ശക്തമാക്കണം. കാംപസിന് പുറത്തും ഹോസ്റ്റല്‍ കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിനെതിരെ ഇടപെടല്‍ നടത്തണമെന്നുമാണ് കത്തിലെ ഉള്ളടക്കം.
അതേസമയം, 1.9 കിലോ കഞ്ചാവുമായി പിടിയിലായ ആകാശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുരണ്ടുപേരെക്കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലുവ സ്വദേശി ആഷിക്കിനേയും കൂടെയുണ്ടായിരുന്ന മറ്റൊരാളേയുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. ഇരുവരും കളമശ്ശേരി ഗവ. പോളിടെക്‌നിക്കിലെ പൂര്‍വ വിദ്യാര്‍ഥികളാണ്.
Content Highlights: Principal warned Police of drug use during Holi celebrations, urging increased campus security