സെയ്ഫ് ആക്രമിക്കപ്പെട്ടപ്പോൾ സുരക്ഷാ ജീവനക്കാർ എവിടെപ്പോയി? ഉത്തരംനൽകി പോലീസ്

സെയ്ഫ് അലിഖാന്‍, പിടിയിലായ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ്‌ | Photo: AFP, PTI
സെയ്ഫ് അലിഖാന്‍, പിടിയിലായ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ്‌ | Photo: AFP, PTI

മുംബൈ: ബാന്ദ്രയിലെ വസതിയില്‍ വെച്ച് ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് കുത്തേൽക്കുമ്പോൾ അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ജീവനക്കാരും ഉറങ്ങുകയായിരുന്നുവെന്ന് പോലീസ്. ഉയർന്ന പോലീസ് ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ടു ചെയ്തത്. 

സിസിടിവി ക്യാമറകൾ സ്ഥാപിക്കാതിരുന്ന പ്രധാന കവാടം വഴിയാണ് അക്രമി അകത്തുപ്രവേശിച്ചത്. രണ്ട് സുരക്ഷാ ജീവനക്കാരും ഉറങ്ങുകയാണെന്ന് ബോധ്യമായതോടെ അക്രമി അകത്തുകടക്കുകയായിരുന്നു. ശബ്ദമുണ്ടാകാതിരിക്കാൻ ഇയാൾ തന്റെ ഷൂസ് ഊരി ബാ​ഗിൽ വെച്ചു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. കെട്ടിടത്തിന്റെ ഇടനാഴിയിൽ സിസിടിവി ക്യാമറ ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. രണ്ട് സുരക്ഷാ ജീവനക്കാരിൽ ഒരാൾ ക്യാബിനിലും രണ്ടാമൻ ​ഗേറ്റിനു സമീപവും ഉറങ്ങുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.  

പ്രതിയായ ബംഗ്ലാദേശ് സ്വദേശി ഷരീഫുല്‍ ഇസ്ലാം ഷഹസാദിനെ കഴിഞ്ഞദിവസം ബാന്ദ്രയിലെ സെയ്ഫിന്റെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ച് സംഭവം പോലീസ് പുനരാവിഷ്ക്കരിച്ചിരുന്നു. ഇന്ത്യയിലേക്ക് അനധികൃതമായെത്തി, ബിജോയ് ദാസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാളെ മുംബൈ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. 

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ പ്രതി ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. 

കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്.  ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന്‍ രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്. താരം ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.

Content Highlights: police says Saif Ali Khans security guards asleep attacker entered house