മതവികാരം വ്രണപ്പെടുത്തി, മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചു; അയ്യപ്പ ഭക്തിഗാന പാരഡിയില്‍ കേസെടുത്തു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അയ്യപ്പഭക്തിഗാനം പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ് 299, 353 1 സി എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഗാനം ആലപിച്ചയാള്‍ക്കെതിരെയും ഗാനരചയിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.
കേസില്‍ ആകെ നാല് പ്രതികളാണ് ഉള്ളത്. ഒന്നാം പ്രതി കുഞ്ഞുപിള്ള എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗാനം ആലപിച്ച ഡാനിഷ് മലപ്പുറം ആണ് രണ്ടാം പ്രതി. സിഎംഎസ് മീഡിയയെയാണ് മൂന്നാം പ്രതിയാക്കിയിരിക്കുന്നത്. സുബൈര്‍ പന്തല്ലൂര്‍ ആണ് നാലാം പ്രതി. പാരഡി പാട്ട് തയ്യാറാക്കിയ മുഴുവന്‍ ആളുകളെയും പ്രതി ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
തിരുവാഭരണ പാത സംരക്ഷണ സമിതി നേതാവായ റാന്നി സ്വദേശി പ്രസാദ് കുഴിക്കാലയുടെ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രസാദ് ഡിജിപിക്ക് നല്‍കിയ പരാതി അദ്ദേഹം എഡിജിപിക്ക് കൈമാറിയിരുന്നു. എഡിജിപിയാണ് കേസ് സൈബര്‍ പോലീസിന് കൈമാറിയത്. അവര്‍ പരിശോധിച്ച ശേഷമാണ് കേസെടുക്കാന്‍ ആവശ്യപ്പെട്ട് സിറ്റി സൈബര്‍ പോലീസ് വിങ്ങിന് നല്‍കിയത്.
തൈക്കാട് സിറ്റി സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത് പ്രകാരം നാല് പ്രതികളും സാമൂഹികമാധ്യമങ്ങള്‍ വഴിയും നേരിട്ടും പൊതുജനങ്ങള്‍ക്കിടയിലും വിശ്വാസിസമൂഹത്തിലും മതവികാരത്തെ അപമാനിക്കുന്നവിധവും മതവികാരം പ്രചോദിപ്പിക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ ഇത്തരത്തില്‍ ഒരു പാട്ട് ഉണ്ടാക്കിയത്.
അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിക്കും വിധം വരികളെഴുതി, അതിലൂടെ വിശ്വാസ സമൂഹത്തെ പരസ്പരം ഇളക്കിവിടണമെന്നും വിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തണമെന്നും മതസൗഹാര്‍ദം ഇല്ലായ്മ ചെയ്യണമെന്നുമുള്ള മനപ്പൂര്‍വമായ ഉദ്ദേശ്യം പ്രതികള്‍ക്കുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
സമൂഹത്തില്‍ സമാധാന ലംഘനം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് ഒന്നാം പ്രതി 'പോറ്റിയെ കേറ്റിയെ' എന്ന ഗാനം നിര്‍മിച്ചത്. ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ ഈ പാട്ടിനെ നവമാധ്യമങ്ങള്‍ വഴിയും നേരിട്ടും പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ഹിന്ദുമത വിശ്വാസിയും അയ്യപ്പഭക്തനുമായ പരാതിക്കാരന്‍ പോലീസിനെ സമീപിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു.
പ്രതികളെ അടുത്ത ദിവസങ്ങളില്‍തന്നെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തും. ഏത് സാഹചര്യത്തിലാണ് പാട്ട് എഴുതിയത്, തയ്യാറാക്കിയത്, ചിത്രീകരിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കും.
Content Highlights: Kerala Police register a case against individuals for a parody of an Ayyappan devotional song, alleging hurt religious sentiments and inciting hatred. Learn more.