പോളണ്ടിലെ തൊഴിലിനേപ്പറ്റി മിണ്ടരുത്! ജോലി വാഗ്ദാനംചെയ്ത് വൻ തട്ടിപ്പ്; നിരവധിപേർക്ക് ലക്ഷങ്ങൾ നഷ്ടം

#അനുഷാ ഗോവിന്ദ്

കോഴിക്കോട്: പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് ഒരിക്കലെങ്കിലും പറയാത്ത മലയാളികൾ കുറവായിരിക്കും. ശ്രീനിവാസൻസിനിമ കണ്ട് തുടങ്ങിയതാണ് മലയാളിക്ക് പോളണ്ടിനോടുള്ള ഈ പ്രത്യേക അടുപ്പം. എന്നാൽ, വിദേശരാജ്യങ്ങളിലൊക്കെ ജോലിതേടുന്ന മലയാളികൾ അധികം പറഞ്ഞുകേൾക്കാത്ത പേരാണ് പോളണ്ട്. പക്ഷേ, കഴിഞ്ഞദിവസം പുറത്തുവന്ന, പോളണ്ടിൽ ജോലിയും വിസയും വാഗ്ദാനം ചെയ്ത് നൂറ്റിമുപ്പതിലധികം പേരിൽനിന്നായി കോടികൾ തട്ടിയെന്ന വാർത്ത കണ്ടവർ ശരിക്കും ഞെട്ടി. ഇത്രയധികം തൊഴിലവസരങ്ങളുണ്ടോ പോളണ്ടിൽ? എന്തു ജോലി വാഗ്ദാനം ചെയ്തായിരിക്കും ഇത്രയും ആളുകളിൽനിന്ന് പണം തട്ടിയത്... പലരുടെയും ചിന്ത പോയതിങ്ങനെ.

എന്നാൽ, പുറത്തുനിന്നുള്ളവർക്ക് തൊഴിലവസരങ്ങൾ അധികം നൽകാത്ത രാജ്യമാണ് പോളണ്ട്. ഇവിടത്തെ എംബസിയിൽ ജോലിയൊഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതുതന്നെ കുറവാണ്. പുറത്തുനിന്നുള്ളവർ രാജ്യത്ത് ജോലിക്കെത്തുന്നത് വലിയതോതിൽ പ്രോത്സാഹിപ്പിക്കുന്ന നയവുമല്ല പോളണ്ടിന്റേത്. പോളണ്ട് പ്രധാനമന്ത്രിതന്നെ ഇക്കാര്യം പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്. നോർക്ക പോളണ്ടിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിട്ടേയില്ല.

എന്നാൽ, പുറത്തധികം എത്തുന്നില്ലെങ്കിലും പോളണ്ടിൽ ജോലിനൽകാമെന്നു പറഞ്ഞുള്ള തട്ടിപ്പുകൾ വലിയതോതിൽ നടക്കുന്നുണ്ടെന്നാണ് വിദഗ്‌ധർ പറയുന്നത്. തട്ടിപ്പിനുപിന്നിൽ പ്രവർത്തിക്കുന്നതും തട്ടിപ്പിനിരയാവുന്നതും കൂടുതൽ മലയാളികൾതന്നെ. വിദഗ്‌ധതൊഴിലാളികളുടെയും മറ്റും ഏതാനും ഒഴിവുകളാണ് പോളണ്ട് എംബസി റിപ്പോർട്ട് ചെയ്യാറ്. എന്നാൽ, ഇത് പെരുപ്പിച്ചുകാണിച്ചാണ് പലപ്പോഴും തട്ടിപ്പുകൾ നടത്താറുള്ളത്. ഒഴിവുകൾ നികത്തപ്പെട്ടാലും അംഗീകാരമില്ലാത്ത ഏജൻസികൾ ഇതിന്റെ പേരിലുള്ള പണംതട്ടൽ തുടരും. വിദഗ്‌ധതൊഴിലാളികളല്ലാത്തവർക്ക് പോളണ്ടിൽ ധാരാളം അവസരങ്ങളുണ്ടെന്ന രീതിയിലുള്ള പ്രചാരണവും തെറ്റാണ്.

സ്റ്റുഡന്റ് വിസയിൽ പോയവരും മറ്റുമാണ് പോളണ്ടിൽ ജോലിയായി തുടരുന്നവരിൽ കൂടുതലും. ഉയർന്ന ജീവിതനിലവാരമുള്ള വികസിതരാജ്യമാണ് പോളണ്ട്. അവിടത്തുകാർക്ക് ധാരാളം തൊഴിലവസരങ്ങളുമുണ്ട്.

വൈദഗ്‌ധ്യം വേണ്ട... പോളണ്ടിൽ പോകാം

കൂടരഞ്ഞി കൂമ്പാറ പുഷ്പഗിരി മാവേലിമണ്ണിൽ ജെനറ്റ് ചാക്കോ, ജെയിൽ ചാക്കോ എന്നീ സഹോദരങ്ങളാണ് പോളണ്ടിൽ ജോലിനൽകാമെന്നു പറഞ്ഞ് ഒട്ടേറെപ്പേരിൽനിന്നായി കോടികൾ തട്ടിയത്. വൈദഗ്‌ധ്യം ഇല്ലാത്തവരെയും പോളണ്ടിൽ കൊണ്ടുപോകാമെന്നു പറഞ്ഞായിരുന്നു പണം വാങ്ങിയത്. പലരിൽനിന്നായി മൂന്നുലക്ഷംമുതൽ 12 ലക്ഷംവരെ വാങ്ങിയിട്ടുണ്ട്.

വെയർഹൗസ് സൂപ്പർ വൈസർ, സെയിൽസ് ഓഫീസർ, ക്വാളിറ്റി ചെക്കർ, ഡ്രൈവർ എന്നീ തൊഴിലുകളാണ് പോളണ്ടിൽ ഇവർ വാഗ്ദാനം ചെയ്തത്. അതത് കോഴ്‌സുകൾ കഴിഞ്ഞവർക്ക് റേഡിയോ ഗ്രാഫർ, അനസ്‌തേഷ്യ ടെക്‌നീഷ്യൻ തുടങ്ങിയ ജോലികളും ശരിയാക്കാമെന്നു പറഞ്ഞ് ഇവർ പണം വാങ്ങിയിട്ടുണ്ട്.

എവിടേക്കാണെങ്കിലും അംഗീകൃത ഏജൻസി വഴി മാത്രം

ജോലിതേടി ഏതു രാജ്യത്തേക്കാണ് പോകുന്നതെങ്കിലും അത് അംഗീകൃത ഏജൻസി വഴിയായിരിക്കണം. അല്ലെങ്കിൽ വഞ്ചിക്കപ്പെട്ടാൽ ഒന്നും ചെയ്യാനാവില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ eMigrate പോർട്ടലിൽ ഇന്ത്യയിലെ എല്ലാ അംഗീകൃത ഏജൻസികളുടെയും വിവരങ്ങൾ സംസ്ഥാനംതിരിച്ച് നൽകിയിട്ടുണ്ട്.

-നോർക്ക അധികൃതർ

Content Highlights: Over 130 people cheated in a major Poland job and visa scam in Kerala., Poland has limited job opportunities for foreign nationals and does not encourage mass recruitment., Fraudsters falsely promised jobs like warehouse supervisor, sales officer, and driver to unskilled workers., Always verify recruitment agencies through the Ministry of External Affairs eMigrate portal before applying for foreign jobs.