സുഹൃത്തിന്റെ മകളായ 12-കാരിയെ പീഡിപ്പിച്ചു; വഴിവിട്ട് സഹായംചെയ്ത് പോലീസും, ഒടുവിൽ പ്രവാസി വ്യവസായിയെ പൂട്ടി ക്രൈംബ്രാഞ്ച്

കോഴിക്കോട്: സുഹൃത്തിന്റെ മകളായ 12 വയസ്സുകാരിയെ വീട്ടിൽവെച്ച് അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ നിയമസംവിധാനങ്ങളെ വിലയ്ക്കെടുക്കാൻ ശ്രമിച്ച പ്രവാസി വ്യവസായിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചങ്ങരോത്ത് സ്വദേശിയായ അബ്ദുൽ റഫീഖ് (55) ആണ് പിടിയിലായത്.
പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. എൻ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കാറിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ചെങ്ങോട്ടുകാവിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച ഹൈക്കോടതി വിധിവരുമെന്ന് അറിയാമായിരുന്നതുകൊണ്ടുതന്നെ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസ് റൂറൽ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പോലീസ് വീഴ്ചയും ജനരോഷവും
12 വയസ്സുകാരിയായ പെൺകുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു എന്നാണ് കേസ്. പരാതിയിൽ 2026 ജനുവരി 16-നാണ് പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ അബ്ദുൽ റഫീഖ് കോടതിയിൽ ഹാജരായി ജാമ്യം നേടി. പിന്നാലെയാണ് നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തെത്തിയത്.
വിദേശത്തുനിന്നും മടങ്ങിയെത്തി തടസങ്ങളൊന്നുമില്ലാതെ ജാമ്യം ലഭിക്കാൻ പ്രതിക്ക് പോലീസ് വഴിവിട്ട സഹായം ചെയ്തു എന്നായിരുന്നു നാട്ടുകാരുടെ ആരോപണം. പോക്സോ കേസിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ച് മാതൃഭൂമി ന്യൂസ് വാർത്ത പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.
നിയമപോരാട്ടവും അറസ്റ്റും
പ്രതിഷേധം കനത്തതോടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി സി.ഐ. കോടതിയിൽ ഹർജി നൽകി. കൊയിലാണ്ടി അതിവേഗ കോടതി അബ്ദുൽ റഫീഖിന്റെ ജാമ്യം റദ്ദാക്കിയെങ്കിലും പോലീസിന് വീണ്ടും വീഴ്ചയുണ്ടായി. പ്രതി ഹൈക്കോടതിയെ സമീപിച്ച് കൊയിലാണ്ടി കോടതി വിധിക്ക് താത്കാലിക സ്റ്റേ വാങ്ങി. എന്നാൽ ഇന്ന് വീണ്ടും കേസ് പരിഗണിച്ച ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.
ഇതോടെയാണ് അബ്ദുൽ റഫീഖിന്റെ അറസ്റ്റിന് വഴിതെളിഞ്ഞത്. പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിൽ വീഴ്ച വരുത്തിയ പയ്യോളി പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. പ്രതിക്ക് അർഹമായ ശിക്ഷ കോടതി മുഖേന ഉറപ്പാക്കുകയാണ് ഇനി അന്വേഷണ സംഘത്തിന്റെ പ്രധാന ദൗത്യം.
Content Highlights: A 55-year-old expatriate businessman, Abdul Rafiq, was arrested by the Crime Branch for the sexual abuse of a 12-year-old girl in Kozhikode, following the rejection of his anticipatory bail by the High Court. The case, initially registered by Payyoli police, faced public outrage due to alleged police negligence and accusations of facilitating Rafiq's bail after he returned from abroad. The High Court's dismissal of Rafiq's plea led to his arrest, and two police officers were suspended for failing to issue a lookout notice, with the investigation team now focused on ensuring his conviction.