ഒപ്പിട്ടില്ല, എസ്എംഎസ് വന്നില്ല; ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അപ്രത്യക്ഷമായത് 35 കോടിയോളം രൂപ; പരാതി

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിന്റെ നോയിഡയിലെ ശാഖയിൽനിന്ന് ഉപഭോക്താക്കൾ അറിയാതെ ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപ കാണാതായതായി പരാതി. സേവിങ്സ് അക്കൗണ്ടുകളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നുമാണ് തുക നഷ്ടപ്പെട്ടത്. 35 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇവിടെ നടന്നിരിക്കുന്നതെന്നാണ് വിവരം.
2025 ഏപ്രിലിലാണ് ക്രമക്കേടുകൾ നടന്നതായി സംശയിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഗ്രേറ്റർ നോയിഡയിലെ ഐച്ചാർ പ്രദേശത്തുള്ള ശാഖയിലാണ് സംഭവം. അനുമതിയില്ലാതെ പണം കൈമാറ്റം ചെയ്തെന്നും ഇടപാടുകളെക്കുറിച്ച് യാതൊരു വിവരവും തങ്ങൾക്ക് ലഭിച്ചില്ലെന്നുമാണ് ഉപഭോക്താക്കൾ പറയുന്നത്. സംഭവത്തിൽ ബ്രാഞ്ച് മാനേജർ ഉൾപ്പെടെയുള്ള ബാങ്ക് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
അക്കൗണ്ടുകളിൽ ലക്ഷങ്ങളും കോടികളും കിടക്കുമ്പോഴും അത് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റപ്പെടുകയോ പിൻവലിക്കപ്പെടുകയോ ചെയ്യുമ്പോൾ ലഭിക്കേണ്ട സാധാരണ എസ്.എം.എസ് സന്ദേശങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
39 ലക്ഷം രൂപയാണ് ഹനീഫ് ഖാൻ എന്ന ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായത്. താൻ ബാങ്കിൽ പോയിട്ടില്ല, ഒരു ഫോമിലും ഒപ്പിട്ടിട്ടില്ല, പണം പിൻവലിച്ചതായി ഒരു സന്ദേശവും വന്നിട്ടില്ല; എന്നിട്ടും ആ പണം എങ്ങോട്ട് പോയെന്നാണ് ഹനീഫ് ഖാൻ ചോദിക്കുന്നത്.
88 ലക്ഷത്തോളം രൂപയുണ്ടായിരുന്ന തന്റെ അക്കൗണ്ടിൽ ഇപ്പോൾ വെറും ഒരു ലക്ഷം രൂപ മാത്രമാണ് ബാലൻസുള്ളതെന്ന് കർഷകനായ വിജേന്ദ്ര സിങ് പറഞ്ഞു.
ജേവാർ വിമാനത്താവള പദ്ധതിക്കായി തന്റെ ഭൂമി ഏറ്റെടുത്തപ്പോൾ സർക്കാരിൽ നിന്ന് ലഭിച്ച നഷ്ടപരിഹാര തുകയായ 1.29 കോടി രൂപയായിരുന്നു ചായയും സമൂസയും വിറ്റ് ഉപജീവനം നടത്തിയിരുന്ന സന്തോഷ് എന്ന സ്ത്രീയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് ആ അക്കൗണ്ടിൽ ബാക്കിയുള്ളത് വെറും ചില്ലറമാത്രം. 1.18 കോടിയോളം രൂപയാണ് ഒറ്റയടിക്ക് ചോർന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് പലരും വിവരം അറിയുന്നത്. അതേസമയം, ബാങ്കിൽനിന്ന് സന്ദേശങ്ങളൊന്നും ലഭിക്കാതെ എങ്ങനെയാണ് അക്കൗണ്ടിൽനിന്ന് പണം ചോർന്നതെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Around 35 crore rupees missing from PNB's Greater Noida (Aichhar) branch accounts., Irregularities suspected to have occurred around April 2025., Branch manager and staff suspended following customer complaints., No SMS alerts were received by customers during unauthorized transactions., Police have registered a case and launched an active investigation.