പെൺകുട്ടികളോട് സംസാരിക്കുന്നതിൽ തർക്കം; തമിഴ്‌നാട്ടിൽ പ്ലസ്ടു വിദ്യാർഥിയെ സഹപാഠികൾ തല്ലിക്കൊന്നു

ചെന്നൈ: ഈറോഡില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ 17-കാരനെ സഹപാഠികള്‍ തല്ലിക്കൊന്നു. സെല്‍വംനഗര്‍ സ്വദേശി എസ്. ആദിത്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപാഠികളായ രണ്ട് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ചയായിരുന്നു സംഭവം. പ്രദേശത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ആദിത്യ. ക്ലാസിലെ പെണ്‍കുട്ടികളോട് ആദിത്യ സംസാരിക്കുന്നത് പ്രതികള്‍ എതിര്‍ത്തിരുന്നു. ഇത് മറികടന്ന് ആദിത്യ പെണ്‍കുട്ടികളായ സഹപാഠികളോട് സംസാരിച്ചതാണ് മര്‍ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിവരം.
ബുധനാഴ്ച രാവിലെ അച്ഛന്‍ ശിവയാണ് ആദിത്യയെ സ്‌കൂളിന് മുന്നില്‍ കൊണ്ടുവിട്ടത്. എന്നാല്‍, അന്നേദിവസം ആദിത്യ ക്ലാസിലെത്തിയിരുന്നില്ല. പിന്നീട് വൈകീട്ടോടെ സ്‌കൂളിന് സമീപത്തെ റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ഥിയെ നാട്ടുകാര്‍ ഉടന്‍തന്നെ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിദ്യാര്‍ഥിയുടെ മരണത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായ പ്രതികളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതായും പോലീസ് പറഞ്ഞു.
Content Highlights: A 17-year-old Plus Two student was murdered by his classmates in Erode, Tamil Nadu.