പ്രാവ് പറത്തൽ മത്സരത്തിൽ സ്ഥിരമായി വിജയിക്കുന്നതിൽ അസൂയ; യുവാവിന് ക്രൂരമർദനം, കൊല്ലുമെന്ന് ഭീഷണി

പ്രതീകാത്മക ചിത്രം(ഇടത്ത്) പ്രതി രാജീവ്(വലത്ത്) | Photo: AFP & Mathrubhumi
പ്രതീകാത്മക ചിത്രം(ഇടത്ത്) പ്രതി രാജീവ്(വലത്ത്) | Photo: AFP & Mathrubhumi

പൂന്തുറ (തിരുവനന്തപുരം): പ്രാവുകളെ പറത്തുന്ന മത്സരത്തില്‍ സ്ഥിരമായി വിജയിക്കുന്നതിലുള്ള അസൂയയെത്തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദനവും വധഭീഷണിയും. ബീമാപള്ളി ബദരിയാനഗര്‍ സ്വദേശി നസീറി(47)നെയാണ് അക്രമിസംഘം വീട്ടില്‍ക്കയറി മര്‍ദിച്ചത്. സംഭവത്തില്‍ പ്രതികളിലൊരാളായ മുട്ടത്തറ മരപ്പാലം പുതുവല്‍ പുത്തന്‍വീട് സ്വദേശി രാജീവി(32)നെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റുപ്രതികള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. 

ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പ്രാവുപറത്തല്‍ മത്സരങ്ങളില്‍ നസീറിന്റെ പ്രാവുകള്‍ സ്ഥിരമായി വിജയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് രാജീവും സുഹൃത്തുക്കളും നസീറിനെ വീട്ടില്‍ക്കയറി ആക്രമിച്ചത്. വാളുമായി വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം യുവാവിന്റെ നെഞ്ചിലും പുറത്തും ഉള്‍പ്പെടെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

Content Highlights: Man brutally attacked and threatened after his pigeons consistently win racing competitions