12 കോടിയിലേറെ രൂപയുടെ ഫിനോമിനല്‍ നിക്ഷേപത്തട്ടിപ്പ്; ഉടമകളെ പ്രതിചേര്‍ത്ത് കുറ്റപത്രം

കോഴിക്കോട്: വന്‍ലാഭം വാഗ്ദാനംചെയ്ത് 12 കോടിയിലേറെ തട്ടിപ്പുനടത്തിയ ഫിനോമിനല്‍ സ്ഥാപന ഉടമകളെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു.
ഫിനോമിനല്‍ ഹെല്‍ത്ത്‌കെയര്‍, ഫിനോമിനല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, മലയാളി ഹെല്‍ത്ത്‌കെയര്‍, എസ് ആന്‍ഡ് കെ ട്രേഡിങ് കമ്പനി എന്നീ സ്ഥാപനങ്ങളുടെപേരില്‍ 1997 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സംസ്ഥാനവ്യാപകമായി നിക്ഷേപം സ്വീകരിച്ച് തട്ടിപ്പുനടത്തിയെന്നാണ് കേസ്.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 114 കേസുകള്‍ രജിസ്റ്റര്‍ചെയ്തതില്‍ 89 കേസുകളുടെ കുറ്റപത്രമാണ് ശനിയാഴ്ച നല്‍കിയത്. ബാക്കി 25 കേസുകള്‍ ക്രൈംബ്രാഞ്ച് ഇ.ഒ.ഡബ്‌ള്യു. സംഘമാണ് അന്വേഷിക്കുന്നത്.
ഫിനോമിനല്‍ കമ്പനി മാനേജിങ് ഡയറക്ടറും നേപ്പാള്‍ സ്വദേശിയുമായ നന്ദലാല്‍ കേസര്‍ സിങ്ങാണ് മുഖ്യപ്രതി. ഇയാള്‍ മഹാരാഷ്ട്രയിലാണ് താമസിക്കുന്നത്. മറ്റു മാനേജിങ് ഡയറക്ടര്‍മാരായ കെ.ഒ. റാഫേല്‍, ജോസഫ് ലാസര്‍, ടി.എം.എസ്. നായര്‍, എസ്.പി. സിങ്, സി.ഇ.ഒ.മാരായ എം.കെ. സിങ്, സെബാസ്റ്റിന്‍ മാളിയേക്കല്‍ എന്നിവരുള്‍പ്പെടെ 19 പേരാണ് മറ്റുപ്രതികള്‍.
ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് (മൂന്ന്) ഡിവൈ.എസ്.പി. സുരേന്ദ്രന്‍ മങ്ങാട്ടാണ് സാമ്പത്തിക കുറ്റകൃത്യകേസുകള്‍ പരിഗണിക്കുന്ന തൃശ്ശൂരിലെ മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ശനിയാഴ്ച 1200 പേജുള്ള കുറ്റപത്രം നല്‍കിയത്. നിക്ഷേപത്തുക ഇരട്ടിക്കും, നിക്ഷേപകര്‍ക്ക് ആശുപത്രികളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സൗജന്യമായി ലഭിക്കും എന്നീ വാഗ്ദാനങ്ങള്‍ നല്‍കിയാണ് നിക്ഷേപം സ്വീകരിച്ചത്.
2016-ലായിരുന്നു ആദ്യപരാതി. ഇതില്‍ 2017-ല്‍ ചാലക്കുടി പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് പെരിന്തല്‍മണ്ണ, മഞ്ചേരി, തൃശ്ശൂര്‍, ആലുവ, എറണാകുളം, കായംകുളം എന്നിവിടങ്ങളിലും കേസ് രജിസ്റ്റര്‍ചെയ്തു.
ക്രൈംബ്രാഞ്ച് സൂപ്രണ്ട് എല്‍. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. എം. സുരേന്ദ്രന്‍, സി.ഐ.മാരായ സിബി തോമസ്, എം. സജീവ് കുമാര്‍, കെ. വിജയകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷിച്ചത്.
Content Highlights: phenomenal investment money fraud case