തൃശ്ശൂരിൽ 35 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനത്തിൽ കാറിടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമം

#സ്വന്തം ലേഖകൻ

തൃശ്ശൂർ: പെരുമ്പിലാവ് പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. കുന്നംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ചേർന്ന് ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ നടത്തിയ പരിശോധനയിലാണ് കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവർ കഞ്ചാവുമായി പിടിയിലായത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതികളോട് വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവർ അത് വകവെക്കാതെ അമിതവേഗതയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെയെത്തിയ പോലീസിനെ വെട്ടിച്ച് കടക്കാനായി പ്രതികൾ കാർ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷിന്റെ വാഹനത്തിൽ ഇടിപ്പിച്ചു. തുടർന്ന് പോലീസ് സാഹസികമായി പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

പിടിയിലായ സനൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ 'ആന്റി സോഷ്യൽ' ലിസ്റ്റിൽ ഉൾപ്പെട്ട കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത കഞ്ചാവ് ബാംഗ്ലൂരിൽനിന്നാണ് കേരളത്തിലേക്ക് എത്തിച്ചതെന്ന് പ്രതികൾ പ്രാഥമിക ചോദ്യംചെയ്യലിൽ മൊഴിനൽകിയിട്ടുണ്ട്. പ്രതികൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

Content Highlights: Police seize 35kg of ganja in Perumbilavu after a high-speed chase and vehicle collision.