അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടി; കൈവിലങ്ങുമായി അദിനാന്റെ ആത്മഹത്യാശ്രമം

കൊച്ചി: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കോടതിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു. പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനിഭാഗത്ത് കരുവിള്ളിൽ വീട്ടിൽ മുഹമ്മദ് അദിനാൻ (22) ആണ് പെരുമ്പാവൂർ കോടതിയുടെ ഒന്നാംനിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് അദിനാൻ അതിജീവിതയെ അവർ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി മർദിക്കുകയും കുത്തി പരിക്കേൽപിക്കുകയും ചെയ്തത്. വീടിനുള്ളിൽ കടന്ന് പെൺകുട്ടിയെ വലിച്ചിഴച്ച് സിറ്റൗട്ടിലേക്ക് കൊണ്ടുവന്നാണ് അദിനാൻ കത്തികൊണ്ട് ആക്രമിച്ചത്. ആദ്യം കഴുത്തറുക്കാനാണ് ശ്രമിച്ചത്, എന്നാൽ പെൺകുട്ടി കുതറിമാറി.
ഇതിനിടെ പെൺകുട്ടിയുടെ രണ്ടുകൈകൾക്കും പരിക്കേറ്റു. നിലവിളികേട്ട് അടുത്തുള്ള വീട്ടിലെ രണ്ട് യുവാക്കൾ ഇവിടേക്ക് ഓടിയെത്തുകയും അദിനാനെ തടയാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഈ യുവാക്കൾക്കും പരിക്കേറ്റു. എന്നാൽ കൂടുതൽ ആളുകൾ ഇങ്ങോട്ട് എത്തിയതോടെ ഇയാൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് പോലീസ് എത്തി, നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് അതിജീവിതയുടെ വീടിന്റെ പരിസരത്തുള്ള കുറ്റിക്കാട്ടിൽനിന്നും ഇയാളെ പിടികൂടിയത്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയശേഷമാണ് ഇന്ന് പോലീസ് ഇയാളെ പെരുമ്പാവൂർ കോടതിയിൽ എത്തിച്ചത്.
കൈവിലങ്ങണിയിച്ചിരുന്ന പ്രതി, ഒന്നാം നിലയിലെ കോടതിമുറിക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ താഴേക്ക് ചാടുകയായിരുന്നു. പോലീസുകാർ ഉടൻതന്നെ ഇയാളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദിനാന് ഗുരുതരമായ പരിക്കേറ്റിട്ടില്ല എന്നാണ് വിവരം. ആശുപത്രിയിൽ ചികിത്സ പുരോഗമിക്കുകയാണ്.
രണ്ടുമാസം മുമ്പാണ് 14-കാരിയെ പീഡിപ്പിച്ച പോക്സോ കേസിൽ അദിനാൻ ജയിലിലായത്. ഒാഗസ്റ്റ് എട്ടാം തീയതിലാണ് ഇയാൾ അറസ്റ്റിലായത്. പിന്നാലെ റിമാൻഡിലായ അദിനാൻ കഴിഞ്ഞമാസം 18-ാം തീയതിയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. പിന്നീട് ഇത്രയും ദിവസം കാത്തിരുന്ന അദിനാൻ മുൻകൂട്ടി പ്ലാൻചെയ്ത പ്രകാരമാണ് ഇന്നലെ അതിജീവിതയുടെ വീട്ടിലെത്തി കൊലപാതക ശ്രമം നടത്തിയത്.
ജയിലിൽ കഴിയേണ്ടി വന്നതിലുള്ള വൈരാഗ്യമാണ് ആക്രണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സർക്കിൾ ഇൻസ്പെക്ടർ ജി.പി. മനുരാജ്, എസ്എച്ച്ഒ എ. അക്ഷയ് കുമാർ, സബ് ഇൻസ്പെക്ടർ എസ്.എൽ. അർജുൻ, ഗ്രേഡ് എസ്ഐ മാരായ ജോബി ജോർജ്, സുഭാഷ് തങ്കപ്പൻ, സിപിഒപി എസ്. സിബിൻ എന്നിവരാണ് പോക്സോ കേസിൽ അന്വേഷണ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)
Content Highlights: A man named Muhammad Adinan, previously jailed for a POCSO case, attempted to murder the survivor after being released on bail, attacking her at her residence. Adinan tried to commit suicide by jumping from the first floor of the Perumbavoor court but survived with minor injuries and is currently receiving treatment. The police believe the attack was motivated by revenge for his imprisonment, and they have arrested Adinan with the help of locals after he initially fled the scene.