ബന്ധുവിനൊപ്പം ഷോപ്പിങ്ങിന് പോയി, പെട്രോൾ വാങ്ങിയത് സോന തന്നെയെന്ന് പോലീസ്; നീങ്ങാതെ ദുരൂഹത

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ്. കേസിൽ നിർണായകമായ നടുവണ്ണൂരിലെ പെട്രോൾ പമ്പിൽനിന്നുള്ള ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയത്. ഒരു സ്ത്രീ പമ്പിലെത്തി കന്നാസിൽ പെട്രോൾ വാങ്ങുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
മരിച്ച സോന തന്നെയാണ് സംഭവദിവസം പമ്പിലെത്തി പെട്രോൾ വാങ്ങിയെതെന്നാണ് പോലീസ് സോനയുടെ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. എന്നാൽ, പെട്രോൾ വാങ്ങിയത് ആരുടെയെങ്കിലും നിർദേശ പ്രകാരമാണോ സോന തന്നെയാണോ ദൃശ്യങ്ങളിലുള്ളത് എന്നത് സംബന്ധിച്ചൊന്നും പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മാതൃസഹോദരിയുടെ മകൾ അശ്വതിക്കൊപ്പമായിരുന്നു സോന സംഭവദിവസം ഷോപ്പിങ്ങിന് പോയത്. എന്നാൽ, സാധനങ്ങൾ വാങ്ങാനായി തങ്ങൾ രണ്ടുപേരും വ്യത്യസ്ത കടകളിലേക്ക് പോയെന്നും സോന എന്താണ് വാങ്ങിയതെന്ന് തനിക്ക് അറിയില്ലെന്നും അശ്വതി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. അപകടം നടന്ന ദിവസം അശ്വതിയുടെ വീട്ടിൽനിന്നാണ് സോനയെ ഭർത്താവ് രജിൻലാൽ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇരുവരും ആശുപത്രിയിലേക്ക് പോയി. അവിടെനിന്ന് തിരികെ മടങ്ങുന്നതിനിടെയാണ് കാറിന് തീപ്പിടിച്ചത്.
അതേസമയം, കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഇപ്പോൾ പോലീസ് പുറത്തുവിട്ടിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ എന്ന് സംശയമുള്ളതായി സോനയുടെ അമ്മാവൻ സത്യൻ ആരോപിച്ചു. സത്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
കാറിനുള്ളിൻ തീപ്പിടിച്ചത് പെട്രോൾ കത്തിയാണെന്ന സൂചന നേരത്തേ പോലീസിന് ലഭിച്ചിരുന്നു എന്നാണ് അറിയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ, കാറിന്റെ ഉൾവശം മാത്രം കത്തിയതിനാൽ തുടക്കംമുതലേ ദുരൂഹതയുണ്ടാക്കിയിരുന്നു.
വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് കാർ കത്തിയത്. സംഭവത്തിൽ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാൽ (34) ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാർ ഓടിക്കൂടിയാണ് കാറിലെ തീ കെടുത്തിയത്. പൊള്ളലേറ്റ രജിൻലാലിന് കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നു. പിൻസീറ്റിലാണ് സോന പൊള്ളലേറ്റ് കിടന്നിരുന്നത്.
Content Highlights: Police obtained CCTV footage showing the victim, Sona, purchasing petrol in a can., The incident occurred in Perambra where a moving car caught fire, killing a pregnant woman., The husband, Rajinlal, is currently undergoing treatment for severe burns., Family members have raised concerns regarding the investigation process., The car's interior was primarily affected, leading police to suspect foul play or specific ignition sources.