വീട്ടിൽകയറി ഗർഭിണിയും കുട്ടികളുമടക്കം 9 പേരെ വെടിവെച്ച് കൊലപ്പെടുത്തി, സ്വയം ജീവനൊടുക്കി അക്രമി; സംഭവം പെൻസിൽവാനിയയിൽ

എയ്‌റി: പെൻസിൽവാനിയയിൽ തോക്കുധാരിയായ അക്രമി വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്ന് നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകുന്നേരം പെൻസിൽവാനിയയിലെ എയ്‌റിയിലുള്ള (Erie) ഒരു വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അക്രമിയെന്ന് സംശയിക്കുന്നയാളെയും ഇവിടെ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഒക്ടോബർ ഒമ്പതിന്, പ്രാദേശിക സമയം വൈകുന്നേരം അഞ്ചുമണിയോടെ പെറി സ്ട്രീറ്റിലെ 700-ാം ബ്ലോക്കിലുള്ള വീട്ടിൽ വെടിവെപ്പ് നടന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. വീടിന് പുറത്തുതന്നെ രണ്ട് സ്ത്രീകൾ മരിച്ചുകിടക്കുന്നതായി പോലീസ് കണ്ടെത്തി, മറ്റുള്ളവരെല്ലാം വീട്ടിനുള്ളിലാണ് മരിച്ച് കിടന്നിരുന്നത്.
വീടിന് പുറത്തുണ്ടായിരുന്ന രണ്ട് സ്ത്രീകളെ വെടിവെച്ച ശേഷമാവാം പ്രതി വീടിനുള്ളിൽ കടന്ന് അവിടെയുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർത്തത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സ്ഥലത്ത് വെടിയൊച്ച കേട്ടതായി ഫോൺകോൾ ലഭിച്ചതിനെ തുടർന്ന് പോലീസ് ഉടൻ തന്നെ ഇവിടേക്കെത്തി. ഈ സമയം, അക്രമി വീട് അകത്തുനിന്നും പൂട്ടി, ഉള്ളിൽ നിന്നും പോലീസുകാർക്ക് നേരെയും വെടിയുതിർത്തു.
സ്വാറ്റ് (SWAT) സംഘങ്ങളുമായി ഏറ്റുമുട്ടൽ നടത്തിയ ശേഷമാണ് പ്രതി ജീവനൊടുക്കിയത്. ഉദ്യോഗസ്ഥരും അന്വേഷകരും നേരിട്ട ഏറ്റവും ദുഷ്‌കരമായ സംഭവങ്ങളിലൊന്നാണ് ആ വീടിനുള്ളിൽ കണ്ട ദൃശ്യങ്ങളെന്ന് എയ്‌റി പോലീസ് ചീഫ് റിക്ക് ലോറ വിശേഷിപ്പിച്ചു. ദുരന്തത്തിന്റെ വ്യാപ്തി അതീവ ദാരുണമാണെന്നും സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അവർ പറഞ്ഞു.
പ്രതി സ്വയം വെടിവെച്ച് മരിക്കുകയായിരിന്നു. സ്വാറ്റും അക്രമിയും തമ്മിൽ നടന്ന വെടിവെപ്പ് നിന്ന ശേഷം വീടിനുള്ളിൽ കടന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ലോറ സ്ഥിരീകരിച്ചു. പ്രതിയെ ഇത്തരത്തിൽ ഒരു അക്രമത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതിയും ഇരകളും തമ്മിലുള്ള ബന്ധം എന്താണെന്നും വ്യക്തമായിട്ടില്ല.
കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പോലീസ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം പുറത്തുവിടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 'ഇവിടെയുണ്ടായ ജീവഹാനിയുടെ വ്യാപ്തി വ്യക്തമാക്കാൻ വാക്കുകൾ മതിയാവില്ല. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിന് അന്വേഷകർക്ക് സമയം ആവശ്യമാണ്.' ലോറ കൂട്ടിച്ചേർത്തു. സംഭവസ്ഥലത്ത് പോലീസ് വാഹനങ്ങൾ നിരന്നുകിടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വെടിയൊച്ച കേട്ട് ആളുകൾ ചിതറിയോടിയതോടെ വലിയ പരിഭ്രാന്തിയാണ് പ്രദേശത്തുണ്ടായതെന്ന് സ്ഥലത്തുണ്ടായിരുന്ന എയ്‌റി ന്യൂസ് നൗ ഫോട്ടോഗ്രാഫർ ക്രിസ് പീറ്റേഴ്സൺ പറഞ്ഞു. സ്ഥിതിഗതികൾ ഇപ്പോൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു. എയ്‌റിറി സിറ്റി അധികൃതർ ഫേസ്ബുക്കിലൂടെ ദുരന്തത്തിൽപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിച്ചിട്ടുണ്ട്.
Content Highlights: A gunman in Erie, Pennsylvania, killed nine people, including two children and a pregnant woman, in a shooting incident before taking his own life; police suspect he committed suicide after a standoff with SWAT teams. The shooting occurred at a house on Perry Street, where two women were found dead outside, and the rest of the victims were inside; the gunman reportedly locked himself inside and fired at police.