മുഖത്തടിച്ചു, നാഭിക്ക് ചവിട്ടി; പോലീസ് അകാരണമായി മർദിച്ചതായി യുവാവിന്റെ പരാതി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

പത്തനംതിട്ട: പോലീസ് അകാരണമായി മർദിച്ചതായി യുവാവിന്റെ പരാതി. ഓണാഘോഷത്തിനിടയിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് ജീപ്പ് ഉപയോഗിക്കാൻ ആവശ്യപ്പെട്ടതിന്റെ വൈരത്തിൽ പന്തളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദിച്ചതായി പന്തളം മങ്ങാരം കോടാലിപ്പറമ്പിൽ വീട്ടിൽ എസ്.ഷിഫാസ് (23) പത്രസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ 30-ന് വൈകീട്ട് 6.30-ഓടെ പന്തളം ചേരിക്കലിനടുത്ത് ഓണാഘോഷത്തിനിടെ സംഘർഷമുണ്ടാവുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയുംചെയ്തിരുന്നു. സംഭവമറിഞ്ഞ് ഷിഫാസും സുഹൃത്തുക്കളും സ്ഥലത്തെത്തിയപ്പോൾ റോഡിൽ ചിലർ പരിക്കേറ്റ് കിടക്കുന്നതുകണ്ടു. പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും അവിടെയുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ വാഹനങ്ങൾ ലഭിക്കാതെവന്നപ്പോൾ സ്ഥലത്തുണ്ടായിരുന്ന പോലീസ് ജീപ്പിൽ കൊണ്ടുപോകരുതോ എന്ന് ഷിഫാസ് ഉദ്യോഗസ്ഥരോടു ചോദിച്ചു. ‘നീയാരാടാ അത് പറയാൻ’ എന്നുപറഞ്ഞ് ഒരു ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടതായി ഷിഫാസ് പറഞ്ഞു. രാത്രി പത്തോടെ പന്തളം ടൗണിൽ നിന്ന ഷിഫാസിനെയും സുഹൃത്തുക്കളെയും പോലീസ് ജീപ്പിലെത്തിയ മൂന്ന് ഉദ്യോഗസ്ഥർ ചേർന്ന് അടിക്കുകയും മുഖത്ത് ഇടിക്കുകയും ഷിഫാസിന്‍റെ നാഭിക്കുചവിട്ടി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുംചെയ്തു‌. സ്റ്റേഷനിലേക്ക് പോകുംവഴി ജീപ്പിൽ വെച്ചും സ്റ്റേഷനിൽവെച്ചും പോലീസുകാർ മർദിച്ചതായി ഷിഫാസ് പറഞ്ഞു.

സംഘർഷത്തിൽ പ്രതിയാക്കാൻ ശ്രമം നടത്തിയെങ്കിലും സംഘർഷസ്ഥലത്തെ വീഡിയോ റെക്കോഡിങ് പരിശോധിച്ചപ്പോൾ ഷിഫാസ് ഉൾപ്പെട്ടിട്ടില്ലെന്ന് മനസ്സിലാക്കി രാത്രിരണ്ടരയോടെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

പിറ്റേന്ന് അതിശക്തമായ ശരീരവേദനയും മൂത്രതടസ്സവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി. പോലീസ് മർദനം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. പോലീസ് മർദനത്തിന്റെ വീഡിയോദൃശ്യങ്ങൾ ലഭ്യമാണെന്നും ഉദ്യോഗസ്ഥർക്കെതിരേ കേസ് നൽകാൻ തയ്യാറെടുക്കുകയാണെന്നും ഷിഫാസ് പറഞ്ഞു. അഡ്വ.എൻ.മുഹമ്മദ് അൻസാരി, ഷിഫാസിന്‍റെ ബന്ധു എം.സജീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.