ഒപ്പംകഴിഞ്ഞിരുന്ന യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു; പ്രതിക്ക് 25 വർഷം കഠിനതടവ്

#ന്യൂസ് ഡെസ്ക്
അതുൽ സത്യൻ
അതുൽ സത്യൻ

പത്തനംതിട്ട: ഒപ്പംകഴിഞ്ഞിരുന്ന യുവതിയെ അവരുടെ വീട്ടിൽക്കയറി വാളുകൊണ്ട് വെട്ടിക്കൊന്നകേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും 3,55,000 രൂപ പിഴയും ശിക്ഷ. റാന്നി ബ്ലോക്ക്പടി വടക്കേടത്ത് വീട്ടിൽ അതുൽ സത്യൻ (31)-നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. ജഡ്ജി ജി.പി.ജയകൃഷ്ണന്റേതാണ് വിധി. 2023 ജൂൺ 24-നായിരുന്നു കേസിന് ആസ്പദമായ സംഭവം.

കീക്കൊഴൂർ പുള്ളിക്കാട്ടിപടി ഇരട്ടപ്പനയ്ക്കൽ രജിതമോൾ (27) ആണ് കൊല്ലപ്പെട്ടത്. രജിതയുടെ അച്ഛൻ വി.എ.രാജു, അമ്മ ഗീത, അനുജത്തി അപ്പു എന്നിവരെ മാരകമായി ആക്രമിക്കുകയും ചെയ്തിരുന്നു.

ഒട്ടേറെ കേസുകളിൽ പ്രതിയായിരുന്നു അതുൽ. അഞ്ച് വർഷമായി ഒപ്പം താമസിച്ചുവന്ന രജിത, അതുലിന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് തന്റെ രണ്ട് മക്കളെയുംകൂട്ടി സ്വന്തം വീട്ടിലേക്ക് പോയത്. കൂടെ ചെല്ലണമെന്ന് അതുൽ ആവശ്യപ്പെട്ടിട്ടും രജിത പോയില്ല. വധിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് സംഭവദിവസം രാവിലെ രജിത റാന്നി പോലീസിൽ പരാതി നൽകിയിരുന്നു. ഉച്ചയ്ക്കുശേഷം പോലീസ് സ്ഥലത്തെത്തിയെങ്കിലും അതുൽ കടന്നുകളഞ്ഞു. അന്ന് രാത്രി രജിതയുടെ വീട്ടിലെത്തിയ പ്രതി കിടപ്പുമുറിയിൽ വെച്ച് വടിവാളുകൊണ്ട് പലതവണ വെട്ടി. തടയാൻ ശ്രമിച്ച അച്ഛനും അമ്മയ്ക്കും അനുജത്തിക്കും വെട്ടേറ്റു. താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രജിത മരിച്ചു. ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ അതുലിനെ ഉതിമൂട് കാടുകയറിക്കിടക്കുന്ന പുരയിടത്തിലെ ഷെഡിൽനിന്നാണ് പിറ്റേന്ന് പോലീസ് പിടികൂടിയത്.

അന്നത്തെ റാന്നി ഇൻസ്‌പെക്ടർ ആയിരുന്ന പി.എസ്. വിനോദ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. അതുൽ കാപ്പാ ചുമത്തപ്പെട്ട ആളാണെന്ന് പോലീസ് പറഞ്ഞു. കാലതാമസം കൂടാതെ കുറ്റപത്രം സമർപ്പിക്കാൻ ആയതിനാൽ വിചാരണ കാലയളവിൽ ഉടനീളം പ്രതി ജാമ്യമില്ലാതെ ജയിലിൽതന്നെയായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ് ഹാജരായി. എ.എസ്.ഐ. ആൻസി കോടതി നടപടികളിൽ പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു. ഇരുവരെയും കോടതി പ്രത്യേകം അഭിനന്ദിച്ചു.

Content Highlights: Atul Sathyan sentenced to 25 years rigorous imprisonment., Penalty of 3,55,000 rupees imposed on the convict., The 2023 crime involved the murder of 27-year-old Rajithamol in Ranni., The accused had a history of criminal activities and was under KAAPA charges., Efficient investigation led to a speedy trial and conviction.