36 കുപ്പി പുതുച്ചേരി മദ്യവുമായി ഐസക് ന്യൂട്ടൻ പിടിയിൽ; വലിയ സംഘത്തിലെ പ്രധാന കണ്ണി

പരപ്പനങ്ങാടി: എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിന്റെ ഭാഗമായി പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 36 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശി എസ്.കെ. ഐസക് ന്യൂട്ടൻ (30) ആണ് അറസ്റ്റിലായത്.
അഡീഷണൽ എക്സൈസ് കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ടി. ഷനൂജിന്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു പരിശോധന. തീവണ്ടിയിൽനിന്നിറങ്ങി വലിയ ട്രാവൽ ബാഗിൽ മദ്യം ഒളിപ്പിച്ച് റെയിൽവേസ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കയറിപ്പോകുന്നതിനിടയിലാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്. മാഹിയിൽനിന്ന് വൻതോതിൽ മദ്യംവാങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർക്ക് പുറമേ പ്രിവന്റീവ് ഓഫീസർമാരായ പി.വി. ജയകൃഷ്ണൻ, എൻ. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ, അനൂപ് എന്നിവരും പങ്കെടുത്തു.
Content Highlights: Operation Thunder raid conducted by Excise Department., 36 bottles of Puducherry liquor seized., Suspect SK Isaac Newton arrested at Parappanangadi railway station., Accused involved in interstate liquor smuggling network.