മുളക് സ്പ്രേ അടിച്ച് സ്വർണം കവരാൻ ശ്രമം, ജ്വല്ലറിയുടമയും യുവതിയും തമ്മിൽ മൽപ്പിടിത്തം, അറസ്റ്റ്

സൗപർണിക ജൂവലറിയിൽ മോഷണശ്രമത്തിന്‌ ശ്രമിച്ച യുവതിയെ ആളുകൾ പിടികൂടിയപ്പോൾ
സൗപർണിക ജൂവലറിയിൽ മോഷണശ്രമത്തിന്‌ ശ്രമിച്ച യുവതിയെ ആളുകൾ പിടികൂടിയപ്പോൾ

പന്തീരാങ്കാവ്: അങ്ങാടിയിലെ സൗപർണിക ജൂവലറിയിൽ മുളക് സ്േപ്ര ഉപയോഗിച്ച് പട്ടാപ്പകൽ കവർച്ചാശ്രമം നടത്തിയ യുവതിയെ നാട്ടുകാർ പിടികൂടി. പെരുവയൽ പരിയങ്ങാട് തടായി മേലേ മേത്തലേടം സൗദാബിയാണ്‌ (47) പിടിയിലായത്.

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അങ്ങാടിയിലെ തിരക്കേറിയ ഭാഗത്തുള്ള ജൂവലറിയിൽ യുവതി സ്വർണാഭരണം വാങ്ങാനെന്നരീതിയിൽ എത്തിയത്. ജൂവലറി ഉടമ മുട്ടഞ്ചേരി രാജൻ സ്വർണാഭരണം എടുക്കാൻ ഉൾവശത്തുള്ള സ്റ്റോർറൂമിലേക്ക് കടന്നതോടെ സഞ്ചിയിൽ കരുതിയ മുളക് സ്‌പ്രേയുമായി യുവതിയും ഉള്ളിലേക്ക് കടക്കുകയും സ്‌പ്രേ അടിക്കുകയുമായിരുന്നു.

അപ്രതീക്ഷിതമായ ആക്രമണത്തിൽ ആദ്യം പകച്ചുപോയ ഉടമ, മോഷണശ്രമം ആണെന്ന് മനസ്സിലായതോടെ പ്രതിരോധിച്ചു. ഇരുവരും തമ്മിലുണ്ടായ മൽപ്പിടിത്തത്തിനിടെ രണ്ടുപേരും കടയ്ക്കുപുറത്തെത്തി. ഇതിനിടെ ബഹളംകേട്ട് ഓടിയെത്തിയ അടുത്ത കടകളിലും പരിസരത്തുമുള്ളവർ ചേർന്ന് യുവതിയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി.

ഇതിനിടെ യുവതി സ്വന്തംശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. തുടർന്ന്, പന്തീരാങ്കാവ് പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.

ആഴ്ചകൾക്കുമുൻപ്‌ ഈ യുവതി ജൂവലറിയിൽ പലതവണ സ്വർണം വാങ്ങാനെന്നപേരിൽ വന്നിരുന്നുവെന്ന് ഉടമ രാജൻ പറഞ്ഞു. അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന ആൾ പണവുമായി എത്തിയില്ലെന്നുപറഞ്ഞ് ഇവർ തിരികെപ്പോവുകയായിരുന്നു.

സംശയം ഒന്നും തോന്നാതിരുന്നതിനാലാണ് ആഭരണമെടുക്കാൻ ഉള്ളിലേക്ക് പോയതെന്നും ആക്രമണം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും രാജൻ പറഞ്ഞു. യുവതിയുമായുള്ള ബലപ്രയോഗത്തിൽ ജൂവലറി ഉടമയ്ക്ക് പരിക്കുണ്ട്. കവർച്ചാശ്രമത്തിന് യുവതിയുടെ പേരിൽ കേസെടുത്തു.

Content Highlights: Pantheerankavu Jewelry Robbery Attempt Foiled by Alert Locals and Owner