സ്ത്രീധനത്തിന്റെ കഥ കേസിന് ബലംകിട്ടാന്‍, ആ ഫോണ്‍കോളുകള്‍ പ്രകോപിപ്പിച്ചു; പ്രതികരണവുമായി രാഹുല്‍

രാഹുലും യുവതിയും, വിവാഹദിവസത്തെ ഫോട്ടോ | Photo: Special Arrangement/Mathrubhumi
രാഹുലും യുവതിയും, വിവാഹദിവസത്തെ ഫോട്ടോ | Photo: Special Arrangement/Mathrubhumi

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പ്രതി രാഹുല്‍ പി.ഗോപാല്‍. യുവതിയുടെ വീട്ടുകാരോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും നേരത്തെ മറ്റൊരു യുവതിയുമായി വിവാഹം രജിസ്റ്റര്‍ചെയ്തത് മറച്ചുവെച്ചിട്ടില്ലെന്നും രാഹുല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. യുവതിയുടെ ഫോണില്‍വന്ന കോളുകളും ചില സന്ദേശങ്ങളും കാരണമുണ്ടായ പ്രകോപനത്തിലാണ് യുവതിയെ അടിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് ഇയാളുടെ വിശദീകരണം. 

പരസ്പരം വഴക്ക് നടന്ന ശേഷവും ഒരുമിച്ചിരുന്ന് സംസാരിച്ചിരുന്നു. ഒത്തുതീര്‍പ്പാക്കി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു തീരുമാനം. എന്നാല്‍, യുവതിയുടെ വീട്ടുകാര്‍ അടുക്കള കാണല്‍ ചടങ്ങിന് എത്തിയതിന് പിന്നാലെയാണ് പ്രശ്‌നം വഷളായത്. ഫോണ്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിയില്ലെന്നും നെറ്റിയിലെ പാട് ബാത്ത് റൂമില്‍ തെന്നിവീണപ്പോള്‍ സംഭവിച്ചതാണെന്നും രാഹുല്‍ പറയുന്നു. 

യുവതിയുടെ ചില സുഹൃത്തുക്കളുമായുള്ള ഫോണ്‍ കോളുകളില്‍ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് വീണ്ടും തുടരുന്ന സാഹചര്യം ഉണ്ടായപ്പോളാണ് വഴക്കുണ്ടായത്.  രണ്ട് സിം കാര്‍ഡുകളിലെ വിവരങ്ങളും ഫോണും വാട്‌സാപ്പ് ചാറ്റും ഉള്‍പ്പടെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായി ഉണ്ടായ കാര്യങ്ങളെല്ലാം ബോധിപ്പിച്ചിട്ടുണ്ട്. അന്ന് യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ സ്ത്രീധനം ആവശ്യപ്പെട്ടു എന്നകാര്യം ഉണ്ടായിരുന്നില്ല. തനിക്കെതിരായ കേസിന് ബലം കിട്ടാനാണ് സ്ത്രീധനത്തിന്റെ കഥയെന്നും രാഹുല്‍ പറയുന്നു. മകളെ തല്ലിയതിന് പകരം ചെയ്യുമെന്ന് യുവതിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തി. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. അങ്ങനെയാണ് രാജ്യം വിട്ടു പോവാനുള്ള തീരുമാനം എടുത്തത്. യുവതിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണം. വിവാഹ ചെലവിന്റെ 75 ശതമാനവും താനാണ് വഹിച്ചത്.വസ്ത്രവും വിവാഹ മോതിരവും ഉള്‍പ്പടെ വാങ്ങിയതും താനാണ്. പിന്നെ എന്തിന് സ്ത്രീധനം ചോദിക്കണം. യുവതിയുടെ ഫോണ്‍ പരിശോധിക്കണമെന്നും ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുമെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ പറഞ്ഞു. നിലവില്‍ സിങ്കപ്പൂരിലുണ്ടെന്നാണ് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി.ഗോപാലിന്റെ പ്രതികരണം


 

Content Highlights: pantheerankavu dowry case accused rahul p gopal response