പരിക്കേറ്റ പെൺകുട്ടിയെ ആദ്യം ആശുപത്രിയിലെത്തിച്ചത് രാഹുൽ തന്നെ; ഡോക്ടറോട് പറഞ്ഞത് വീണതാണെന്ന്‌

#ടി. ആദിത്യൻ
രാഹുലും യുവതിയും, വിവാഹദിവസത്തെ ഫോട്ടോ | Photo: Special Arrangement/Mathrubhumi
രാഹുലും യുവതിയും, വിവാഹദിവസത്തെ ഫോട്ടോ | Photo: Special Arrangement/Mathrubhumi

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരിക്കേറ്റ പെൺകുട്ടിയെ പ്രതി രാഹുൽതന്നെ ഞായറാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായി പോലീസ്. കുറച്ചുകൂടി സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടറുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ നാലുമണിയോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയിലെ ഡോക്ടർ പെൺകുട്ടിയുടെ സ്ഥിതി മോശമാണെന്നും ആറുമണിക്കൂറോളം നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശിച്ചു. എന്നാൽ, അത് ലംഘിച്ച് രാഹുൽ പെൺകുട്ടിയുമായി പോകുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയം പെൺകുട്ടി അബോധാവസ്ഥയിലായിരുന്നെന്ന് ചികിത്സിച്ച ഡോക്ടർ പോലീസിനോട് വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ വീണതാണെന്ന് രാഹുൽ പറഞ്ഞെന്നും ഡോക്ടർമാർ അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. രണ്ട്‌ ഡോക്ടർമാരിൽനിന്നുകൂടി വിവരം ശേഖരിക്കാനുണ്ട്.

ആശുപത്രിയിലേക്ക് ഇവർ വന്ന വാഹനം ഓടിച്ചിരുന്നത് രാഹുലിന്റെ സുഹൃത്തായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചു. പുലർച്ചെ നാലുമുതൽ ഏഴുമണിവരെ ആശുപത്രിയിൽ രാഹുൽ ഉണ്ടായിരുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന്‌ വ്യക്തമായിട്ടുണ്ട്. ക്രൂരമായി മർദിച്ചിരുന്നെന്ന് പെൺകുട്ടി പോലീസിന് മൊഴിനൽകിയിരുന്നു.

പോലീസിനോട് റിപ്പോർട്ട്തേടി -ഗവർണർ

പന്തീരാങ്കാവ് ഗാർഹികപീഡനത്തിൽ പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. റിപ്പോർട്ട് കിട്ടിയതിനുശേഷം പെൺകുട്ടിയെയും കുടുംബത്തെയും നേരിൽക്കാണും.

പൗരത്വനിയമ ഭേദഗതി വർഷങ്ങൾക്കു മുൻപേ നടപ്പാക്കേണ്ടതായിരുന്നു. വിഭജനശേഷം എല്ലാ പ്രധാനമന്ത്രിമാരും ജനങ്ങൾക്കു നൽകിയ ഉറപ്പായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച്‌ തന്നെ അറിയിച്ചിട്ടില്ലെന്നും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു.

Content Highlights: pantheerankavu dowry case accused Rahul first to take the injured girl to hospital