'പുറത്തു പോകണ്ടെന്ന് അവനോട് പറഞ്ഞതാ, കേട്ടിരുന്നെങ്കിൽ ജീവനോടെ ഉണ്ടായിരുന്നേനെ'- നെഞ്ചുലഞ്ഞ് അഭിറാമിന്റെ മുത്തശ്ശി

അമ്മയും സഹോദരിയും ഗൾഫിൽ ആയിരുന്നതിനാൽ പാങ്ങപ്പാറ സ്വദേശി അഭിറാമിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് അവന്റെ മുത്തശ്ശിയായിരുന്നു. തന്നോട് പറയാതെ അവൻ പുറത്തിറങ്ങാറില്ലായിരുന്നുവെന്നും കളിക്കാൻ പോയിട്ട് ഒരു അഞ്ച് മിനിട്ട് താമസിച്ചാൽ പോലും അവൻ വിളിച്ച് പറയുമായിരുന്നുവെന്നും മുത്തശ്ശി മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
കാണാതായ ദിവസം ഒരു കല്യാണം ഉണ്ടായിരുന്നതിനാൽ പുറത്ത് പോകണ്ട എന്ന് താൻ പറഞ്ഞിരുന്നുവെന്നും മുത്തശ്ശി നിറകണ്ണുകളോടെ പറയുന്നു. മുത്തശ്ശിയോട് യാത്ര പറഞ്ഞാണ് അന്നവൻ വീട്ടിൽ നിന്നും ചതിക്കുഴിയിലേയ്ക്ക് നടന്നുനീങ്ങിയത്.
Read more: 'അവനൊരു പാവമായിരുന്നു, ഞങ്ങളുടെ മകനെ കൊന്നവനെ പ്രായം പരിഗണിച്ച് ശിക്ഷിക്കാതിരിക്കരുത്'
'അന്ന് പുറത്ത് പോകണ്ട എന്ന് അവനോട് പറഞ്ഞതാ, കേട്ടിരുന്നെങ്കിൽ അവൻ ജീവനോടെ ഉണ്ടായിരുന്നേനെ. എന്റെ മോൻ മിടുക്കനായിരുന്നു. അന്ന് ഞായറാഴ്ച പുറത്ത് പോകുന്നു എന്ന് പറഞ്ഞാണ് അവൻ ഇറങ്ങിയത്. കളിക്കാനാണോ പോകുന്നേ എന്ന് ചോദിച്ചപ്പോൾ അതെയെന്ന് പറഞ്ഞാണ് അവൻ പോയത്. അന്ന് ഒരു കല്യാണം ഉണ്ടായിരുന്നു. അതുകൊണ്ട് പുറത്ത് പോകാതിരുന്നുകൂടെ എന്ന് ഞാൻ ചോദിച്ചതാണ്. അത് കേട്ടിരുന്നെങ്കിൽ അവൻ ഇന്നും ജീവനോടെ ഉണ്ടായിരുന്നേനെ.
ഞങ്ങൾ കല്യാണത്തിന് പോകുന്ന വഴിക്ക് മഴ പെയ്തു. അവന്റെ അച്ഛൻ അപ്പോൾ അവനെ ഫോണിൽ വിളിച്ചിരുന്നു. ആദ്യം ഫോണെടുത്തില്ല. രണ്ടാമത് വിളിച്ചപ്പോൾ ഞാൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണെന്ന് അവൻ പറഞ്ഞു. പെട്ടെന്ന് എന്തോ ശബ്ദം കേട്ട് ഫോൺ കട്ടായി. പിന്നീട് വിളിച്ചപ്പോഴെല്ലാം ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി കേസ് കൊടുത്തു, ഒരുപാട് അന്വേഷിച്ചു. അവൻ ഈ പരിസരത്ത് തന്നെ ഉണ്ടാകുമെന്ന് എന്റെ മനസ്സ് പറഞ്ഞു. ആരുടേയോ കൈയിൽ അകപ്പെട്ടു എന്ന് തോന്നിയിരുന്നു. ഞങ്ങളുടെ മകന് നീതി കിട്ടണം, അഭിറാമിന്റെ മുത്തശ്ശി പറഞ്ഞു.
പാങ്ങപ്പാറയിലെ ഒഴിഞ്ഞപറമ്പിൽ ചാക്കിലാക്കി ഉപേക്ഷിച്ച നിലയിലാണ് കഴിഞ്ഞദിവസം അഭിറാമിന്റെ മൃതദേഹം കണ്ടെടുത്തത്.
കൗമാരക്കാർക്കിടയിലെ പ്രണയത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഒന്നാംപ്രതിയായ 17-കാരന്റെ മുൻകാമുകിയുടെ ഇപ്പോഴത്തെ ആൺസുഹൃത്ത് അഭിരാമിന്റെ കൂട്ടുകാരനാണ്. ഈ പെൺകുട്ടിയും പ്രതിയായ കൗമാരക്കാനും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ തങ്ങൾ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് എത്തിക്കാനാണ് പ്രതി അഭിരാമിനെ വിളിച്ചുവരുത്തിയത്. പ്രതിയായ പതിനേഴുകാരനെ കൂടാതെ ഇയാളുടെ കൂട്ടുകാരനായ ഉമർ, ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ, ആനന്ദ എന്നിവരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.
Content Highlights: Abhiram's body was found abandoned in a sack in an empty plot at Pangappara., Police revealed that a teenage love dispute led to the brutal murder., Four individuals including a 17-year-old prime suspect have been arrested., Grandmother shares her grief and final conversation with Abhiram before his tragic death.