തോട്ടിലും കാട്ടിലും തിരഞ്ഞിട്ടും ഫലമില്ല; അഭിരാം കൊലക്കേസിൽ പോലീസിനെ വട്ടംകറക്കി പ്രതികൾ, തെളിവുകൾ എവിടെ?

#ന്യൂസ് ഡെസ്ക്
അഭിരാം | മൃതദേഹം ലഭിച്ച സ്ഥലം
അഭിരാം | മൃതദേഹം ലഭിച്ച സ്ഥലം

ശ്രീകാര്യം: പാങ്ങപ്പാറ അഭിരാം കൊലപാതകക്കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെടെയുള്ളവരുടെ ആസൂത്രിതമായ നീക്കങ്ങളും പരസ്പരവിരുദ്ധമായ മൊഴികളും അന്വേഷണസംഘത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട അഭിരാം സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റ്, അഭിരാമിന്റെയും സുഹൃത്ത് ആനന്ദിന്റെയും മൊബൈൽ ഫോണുകൾ എന്നിവ കണ്ടെത്തെണ്ടതുണ്ട്. തെളിവുകൾ നശിപ്പിക്കുന്നതിനായി പ്രതികൾ പലവിധ മാർഗങ്ങൾ സ്വീകരിച്ചതായാണ് പോലീസ് കരുതുന്നത്. തൊണ്ടിമുതലുകൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നായിരുന്നു 17-കാരനായ ഒന്നാം പ്രതിയുടെ ആദ്യമൊഴി. എന്നാൽ, ഇവ കുറ്റിക്കാട്ടിലേക്കാണ് എറിഞ്ഞതെന്നായിരുന്നു മറ്റൊരു പ്രതിയായ ഉമർ അന്വേഷണസംഘത്തോട് പറഞ്ഞത്.

കഴിഞ്ഞദിവസം കാടുമൂടിയ പ്രദേശങ്ങളിൽ വിശദമായ പരിശോധന നടത്തിയിരുന്നു. തുടർന്ന് സമീപത്തെ തെറ്റിയാർ തോട്ടിൽ സ്കൂബ ഡൈവിങ്‌ സംഘത്തിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട തിരച്ചിൽ നടത്തിയെങ്കിലും യാതൊരു തെളിവും കണ്ടെത്താനായില്ല. തെളിവുകൾ മറ്റെവിടെയെങ്കിലും കൊണ്ടുപോയി നശിപ്പിച്ചിരിക്കാമെന്നുള്ള സംശയത്തിലാണ് പോലീസ്. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ നാല് പ്രതികളും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. നാല് പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി ഉടൻ തന്നെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.