സൈബര്‍ തട്ടിപ്പ്; 16 ലക്ഷം നഷ്ടമായില്ല, വീട്ടമ്മയ്ക്ക് രക്ഷയായത് ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടല്‍

ഫെഡറൽ ബാങ്ക് പന്തളം ശാഖയിലെ ഉദ്യോഗസ്ഥരായ അഖില റോയ്, ഗോകുൽ ജി.പിള്ള, അനൂപ് എസ്. കുമാർ (ഇരിക്കുന്നത്), ശാഖാ മാനേജർ അൽഫോൻസ് ടോം തോമസ് (നടുവിൽ) എന്നിവർ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം
ഫെഡറൽ ബാങ്ക് പന്തളം ശാഖയിലെ ഉദ്യോഗസ്ഥരായ അഖില റോയ്, ഗോകുൽ ജി.പിള്ള, അനൂപ് എസ്. കുമാർ (ഇരിക്കുന്നത്), ശാഖാ മാനേജർ അൽഫോൻസ് ടോം തോമസ് (നടുവിൽ) എന്നിവർ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം

പന്തളം: ബാങ്കുദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടല്‍ തുണച്ചു. ഇരട്ടിപ്പണം കിട്ടുമെന്ന് പറഞ്ഞത് വിശ്വസിച്ച് അക്കൗണ്ടില്‍ കിടന്ന പതിനാറുലക്ഷം രൂപ ഏതോ തട്ടിപ്പുസംഘത്തിന് ട്രാന്‍സ്ഫര്‍ ചെയ്യാനെത്തിയ വീട്ടമ്മ തട്ടിപ്പില്‍പ്പെടാതെ രക്ഷപ്പെട്ടു. ഫെഡറല്‍ ബാങ്ക് പന്തളം ശാഖയിലെ ഉദ്യോഗസ്ഥരായ അഖില റോയ്, ഗോകുല്‍ ജി. പിള്ള, അനൂപ് എസ്. കുമാര്‍, ശാഖാ മാനേജര്‍ അല്‍ഫോന്‍സ് ടോം തോമസ് എന്നിവരുടെ ജാഗ്രതയാണ് ഇവര്‍ക്ക് തുണയായത്.

പണം ട്രാന്‍സ്ഫര്‍ ചെയ്യാമോ...

ഒരു അക്കൗണ്ടിലേക്ക് അത്യാവശ്യമായി പതിനാറ് ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഉദ്യോഗസ്ഥരെ സമീപിച്ചത്. പന്തികേട് തോന്നിയ ഉദ്യോഗസ്ഥര്‍ എവിടേക്കാണ്, എന്താവശ്യത്തിനാണ് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. നിക്ഷേപത്തിന് വേണ്ടിയാണെന്നായിരുന്നു മറുപടി.ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമിന്റെ പേരുവിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍, ഇവരുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി പണം ആവശ്യപ്പെട്ടവരുമായി ബന്ധപ്പെട്ടു. എന്നാല്‍ കാര്യങ്ങള്‍ ഗുണഭോക്താവിനോട് മാത്രമേ വെളിപ്പെടുത്തുകയുള്ളൂ എന്നായിരുന്നു മറുപടി. അതിനിടെ പണം എത്രയും വേഗം അയയ്ക്കണമെന്ന നിലപാടില്‍ വയോധിക ഉറച്ചുനിന്നു. പ്ലാറ്റ്ഫോം തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥര്‍ പത്തനംതിട്ട സൈബര്‍ ക്രൈം ഓഫീസില്‍ അറിയിച്ചു. സൈബര്‍ ക്രൈം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിട്ടും ഇന്‍വെസ്റ്റ് പ്ലാറ്റ്ഫോം തട്ടിപ്പാണെന്ന് വീട്ടമ്മ വിശ്വസിച്ചില്ല. പണം അയയ്ക്കാന്‍ വിസമ്മതിച്ച ബാങ്കുദ്യോഗസ്ഥരോട് പിണങ്ങി അവര്‍ മടങ്ങി. മറ്റൊരു ബാങ്കില്‍നിന്നും നേരത്തേ പണം അയച്ചിരുന്ന വയോധികയ്ക്ക് നിക്ഷേപം നഷ്ടമായ സംഭവം അറിഞ്ഞതോടെയാണ് ഇവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. തുടര്‍ന്ന് അവര്‍ വീണ്ടും ബ്രാഞ്ചില്‍ എത്തി ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ചു.

തിരികെ വിളിക്കാന്‍ പറ്റാത്ത നമ്പര്‍

ഇങ്ങോട്ട് വിളിക്കും എന്നാല്‍ തിരികെ വിളിക്കാന്‍ കഴിയില്ല. ഇത്തരം ഫോണ്‍നമ്പറില്‍നിന്നുമാണ് തട്ടിപ്പുകാര്‍ വീട്ടമ്മയെ വിളിച്ചിരുന്നത്. പണം നല്‍കിയാല്‍ ഇരട്ടിയായി തിരികെ തരാമെന്നായിരുന്നു വാഗ്ദാനം. ഇതുമായി ബന്ധപ്പെട്ട ഒരു ആപ്പില്‍ മെസേജയച്ചാല്‍ ഉടന്‍ ഇവര്‍ തിരികെ വിളിക്കും. ഇങ്ങനെയാണ് ഇവരെ തട്ടിപ്പുകാര്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നത്.

ബാങ്കുകാര്‍ ബന്ധപ്പെട്ടപ്പോള്‍ ആദ്യം ഹിന്ദിയിലും പിന്നെ ഇംഗ്ലീഷിലും സംസാരിച്ചു. ഒടുവിലാണ് ഇടനിലക്കാരനെന്ന് കരുതുന്ന മലയാളി സംസാരിച്ചത്. ആദ്യം മുതല്‍ ഈ ഇടനിലക്കാരനാണ് ബന്ധപ്പെട്ടുകൊണ്ടിരുന്നത്. മറ്റൊരു ബാങ്കില്‍നിന്നും ഇത്തരത്തില്‍ പണം നഷ്ടമായ സംഭവത്തിലും ബന്ധപ്പെട്ടിരുന്നത് മലയാളിയാണ്.

Content Highlights: Federal Bank employees in Pandalam prevented a ₹16 lakh cyber fraud.