'സ്‌നേഹവും വിശ്വാസവും ഇല്ലെങ്കില്‍...'; പ്രമുഖ പാന്‍മസാല വ്യവസായിയുടെ മരുമകള്‍ ഡല്‍ഹിയിലെ വീട്ടില്‍ മരിച്ചനിലയില്‍

ന്യൂഡല്‍ഹി: പ്രമുഖ പാന്‍ മസാല വ്യവസായിയുടെ മരുമകളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വ്യവസായിയായ കമല്‍ കിഷോര്‍ ചൗരസ്യയുടെ മകന്റെ ഭാര്യ ദീപ്തി ചൗരസ്യ(40)യെയാണ് ഡല്‍ഹി വസന്ത് വിഹാറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം.
കമല പസന്ത്, രാജശ്രീ തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള പാന്‍ മസാല പുറത്തിറക്കുന്ന കമ്പനിയുടെ ഉടമയാണ് കമല്‍ കിഷോര്‍. ഇദ്ദേഹത്തിന്റെ മകന്‍ അര്‍പിതിന്റെ ഭാര്യയാണ് ദീപ്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഡല്‍ഹിയിലെ വീട്ടില്‍ ദീപ്തിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കിടപ്പുമുറിയില്‍നിന്ന് ദീപ്തി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. അതേസമയം, 'ഒരു ബന്ധത്തില്‍ സ്‌നേഹവും വിശ്വാസവും ഇല്ലെങ്കില്‍ ജീവിതത്തിന് അര്‍ഥമെന്താണ്', എന്ന് കുറിപ്പിലുണ്ട്.
ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.
2010-ലാണ് ദീപ്തിയും അര്‍പിതും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് 14 വയസ്സുള്ള മകനും അഞ്ചുവയസ്സുള്ള മകളുമുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Prominent pan masala businessman Kamal Kishore Chaurasia`s daughter-in-law, Deepti Chaurasia (40), found dead at her Delhi residence. Police suspect suicide due to marital issues. Investigation underway.