10 മിനിറ്റിനകം എല്ലാം കഴിഞ്ഞു, ഭാര്യയെ കൊലപ്പെടുത്തിയതായി സാമൂഹികമാധ്യമ ഗ്രൂപ്പില്‍ മെസേജ്

കൃഷ്ണകുമാര്‍, കൊല്ലപ്പെട്ട സംഗീത
കൃഷ്ണകുമാര്‍, കൊല്ലപ്പെട്ട സംഗീത

കോയമ്പത്തൂര്‍: തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് കോയമ്പത്തൂര്‍ പട്ടണംപുതൂരില്‍ കൃഷ്ണകുമാര്‍ എത്തിയത്. കൊലപാതകം ആസൂത്രണംചെയ്ത് തോക്കുമായി കാറില്‍ എത്തിയശേഷം, രണ്ടുമക്കളും സ്‌കൂളില്‍ പോകുന്നതുവരെ വീടിനുപുറത്ത് കാറില്‍ കാത്തിരുന്നതായി കോയമ്പത്തൂര്‍ സൂളൂര്‍ പോലീസ് പറഞ്ഞു. കുട്ടികള്‍ പോയതോടെ വീട്ടില്‍ കയറി. പിന്നീട് സംഗീതയുമായി വഴക്കുണ്ടാവുകയും ഇതിനിടെ, തോക്കുകൊണ്ട് നെഞ്ചില്‍ വെടിവെയ്ക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

വീട്ടില്‍ കയറി പത്തുമിനിറ്റിനകം കൃഷ്ണകുമാര്‍ കാറില്‍ മടങ്ങിയതായി സമീപത്തെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പോലീസിനു വ്യക്തമായിട്ടുണ്ട്. കാറില്‍ തിരികെ വണ്ടാഴിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ സാമൂഹികമാധ്യമ ഗ്രൂപ്പില്‍ ഭാര്യയെ കൊന്നെന്നും താന്‍ ജീവിച്ചിരിക്കില്ലെന്നും കൃഷ്ണകുമാര്‍ ശബ്ദസന്ദേശം അയച്ചു. ഇതുകണ്ട സമീപവാസികളാണ് വിവരം സൂളൂര്‍ പോലീസിനെ അറിയിച്ചത്.

കൃഷ്ണകുമാര്‍ 15 വര്‍ഷമായി പട്ടണംപുതൂരില്‍ എത്തിയിട്ട്. എല്ലാവരുമായും നല്ലബന്ധത്തിലായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. അടുത്തിടെയായി കൃഷ്ണകുമാറും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടെ, വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ സംസാരിച്ചതായും പറയുന്നുണ്ട്. ബുധനാഴ്ചയാണ് കൃഷ്ണകുമാര്‍ ഒടുവില്‍ കോയമ്പത്തൂരില്‍ വീട്ടിലെത്തി കുട്ടികളെ കണ്ടുമടങ്ങിയത്. കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

സൂളൂര്‍ പോലീസും ഡോഗ് സ്‌ക്വാഡും എത്തി വിശദമായ പരിശോധന നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടക്കും. മക്കളായ അമീഷയും അക്ഷരയും കോയമ്പത്തൂരില്‍ സംഗീതയുടെ അമ്മ ജയയ്‌ക്കൊപ്പമാണുള്ളത്. അമീഷ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയും അക്ഷര എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുമാണ്.

Content Highlights: palakkad vandazhi man commits suicide after killing wife in coimbatore