പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കും; RSS പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ 9 പ്രതികള്‍ക്ക് ജാമ്യമില്ല

കൊച്ചി: പാലക്കാട്ട് ആര്‍.എസ്.എസ്.പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഒന്‍പത് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. പ്രതികളായ സദ്ദാം ഹുസൈന്‍, അഷ്‌റഫ്, നൗഷാദ്, കരമന അഷ്‌റഫ് മൗലവി, അന്‍സാരി ഈരാറ്റുപേട്ട, മുഹമ്മദ് അലി, യഹിയ കോയ തങ്ങള്‍, റൗഫ്,സത്താര്‍ എന്നിവരുടെ ജാമ്യഹര്‍ജികളാണ് തള്ളിയത്.
ഇവര്‍ക്കെതിരേയുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്. അതേസമയം, കേസിലെ മറ്റ് 17 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് വി എം ശ്യാംകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അലി, അബ്ദുള്‍ കബീര്‍, സൈനുദ്ദീന്‍, ഉസ്മാന്‍, സി.ടി.സുലൈമാന്‍, സാദിഖ്, ഷിഹാസ്, മുജീബ്, മുബാറഖ്, നിഷാദ്, റഷീദ്, ഫിയാസ്, അക്ബര്‍ അലി, അഷ്‌റഫ്, റിസ്വാന്‍, നജുമുദ്ദീന്‍, എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. വിചാരണ പൂര്‍ത്തിയാകാന്‍ ഏറെനാള്‍ എടുക്കുമെന്ന വാദമടക്കം കണക്കിലെടുത്താണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
എന്‍.ഐ.എ കോടതി ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എന്‍.ഐ.എ.ആണ് കുറ്റപത്രം നല്‍കിയത്. അന്വേഷണം എന്‍.ഐ.എ.യ്ക്ക് കൈമാറിയതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തളളിയിരുന്നു.
2022 ഏപ്രില്‍ 16-നാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തില്‍ക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. അന്വേഷണത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലയ്ക്കു പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേരള പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. കേസിലെ ആദ്യ കുറ്റപത്രം എന്‍ഐഎ 2023 മാര്‍ച്ചില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രണ്ടാമത്തെ കുറ്റപത്രം അതേവര്‍ഷം നവംബറിലും എന്‍.ഐ.എ. സമര്‍പ്പിച്ചിരുന്നു.
Content Highlights: palakkad rss worker sreenivasan murder case no bail for nine accused