പാലക്കാട് ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകളിൽ RPF-എക്‌സൈസ് പരിശോധന; 59.8 കിലോ കഞ്ചാവും മദ്യവും പിടികൂടി

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ആർപിഎഫും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ 30 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി. മാർച്ച് രണ്ട്, മൂന്ന് തീയതികളിലായി നടന്ന പരിശോധനയിലാണ് 59.8 കിലോ കഞ്ചാവും 13.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്നാണ് 53.9 കിലോ കഞ്ചാവ് പിടികൂടിയത്. പ്ലാറ്റ്‌ഫോമിലും ട്രെയിനിലെ ജനറൽകോച്ചുകളിലും പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ഇതിന് 26.95 ലക്ഷം രൂപ വിലവരും.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് 3.9 കിലോ കഞ്ചാവ് പിടികൂടി. ഷൊർണൂരിൽനിന്ന് രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തു. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ മദ്യക്കടത്തും അന്വേഷണസംഘം പിടികൂടി. 13.5 ലിറ്റർ മദ്യമാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്.
Content Highlights: Joint operation by RPF and Excise in Palakkad Railway Division., Seizure of narcotics and liquor valued at ₹30 lakh., A total of 59.8 kg of ganja and 13.5 liters of liquor were confiscated., Raids conducted at Palakkad, Thalassery, Shoranur, and Payyanur stations.